തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ നൽകുന്ന പ്രതിമാസ ധനസഹായം 20 കോടിയിൽ നിന്നും 36.56 കോടി രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് എം.ഡി. ടോമിൻ തച്ചങ്കരി കത്ത് നൽകി. സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാരുടെ ശമ്പളം കഷ്ടിച്ചാണ് നൽകിക്കൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന നോൺ ഡിപ്പാർട്ടുമെന്റൽ റിക്കവറി, എൽ.ഐ.സി, എൻ.പി.എസ്. എന്നിവ മിക്കപ്പോഴും അടയ്ക്കാറില്ല. ഇത് കുടിശ്ശികയായതിനെ തുടർന്ന് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 12 കോടി രൂപകൂടി പ്രതിമാസം സമാഹരിച്ചാൽ മാത്രമേ ഇവ അടയ്ക്കാൻ കഴിയുകയുള്ളൂ. ഡി.എ. കുടിശ്ശിക നൽകാൻ 4.56 കോടി രൂപയും വേണം. അതിനാൽ സർക്കാർ ധനസഹായം വർധിപ്പിക്കണമെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം.

കെ.എസ്.ആർ.ടി.സി. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റിലെ തകരാറുകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചെലവു കുറഞ്ഞ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ടിക്കറ്റൊന്നിന് 15.50 രൂപ ചെലവിട്ടിരുന്നിടത്ത് 45 പൈസ നിരക്കിലാണ് ഓൺലൈൻ ബുക്കിങ് സൈറ്റുമായി കരാറുണ്ടാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.