തിരുവനന്തപുരം: പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ, മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ 2019 ഏപ്രിൽ 19-ന് മുമ്പ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഒരു നിയോജകമണ്ഡലത്തിൽ എം.എൽ.എ. രാജിവെച്ചാലോ മരിച്ചാലോ ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നിരിക്കണമെന്നാണ് നിയമം. നിയമസഭാ കാലാവധി ഒരുവർഷത്തിൽ താഴെയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാം. എന്നാൽ, സർക്കാരിന് ഇനിയും രണ്ടരവർഷം കാലാവധിയുണ്ട്.

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കുമോ എന്നതാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. 2019 മേയിലാണ് കേന്ദ്രസർക്കാരിന്റെ കാലാവധി തീരുന്നത്. നേരത്തേയുണ്ടായില്ലെങ്കിൽ ഏപ്രിൽ, മേയ് മാസങ്ങളിലായിരിക്കും പാർലമെൻറ് തിരഞ്ഞെടുപ്പ്.

ഏപ്രിൽ 19-ന് മുമ്പാണ് പാർലമെന്റ് തിരഞ്ഞെടുപ്പെങ്കിൽ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും അതിനൊപ്പമാകാൻ സാധ്യതയുണ്ട്. 2014-ൽ ഏപ്രിൽ ഏഴുമുതൽ 12 വരെയാണ് വിവിധ ഘട്ടങ്ങളായി രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

ഉപതിരഞ്ഞെടുപ്പിന് ആറുമാസംവരെ സാവകാശം ഉണ്ടാകാമെങ്കിലും ഇതുസംബന്ധിച്ച് ചർച്ചകളിലേക്ക് ഉടനെ മുന്നണികൾ കടക്കും. കഴിഞ്ഞതവണ ബി.ജെ.പി. കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലമായതിനാൽ ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ തീവ്ര പ്രചാരണ പ്രവർത്തനങ്ങൾക്ക് മുന്നണികൾ തുടക്കമിടും.

2016-ൽ ബി.ജെ.പി.യിലെ കെ. സുരേന്ദ്രനെക്കാൾ 89 വോട്ടായിരുന്നു അബ്ദുൾ റസാഖിന്റെ ഭൂരിപക്ഷം. മരിച്ചവരുടെ പേരിലും വോട്ടുചെയ്ത് കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് കെ. സുരേന്ദ്രൻ നൽകിയ കേസ് ഇപ്പോൾ കോടതിയിലാണ്. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ ഈ കേസിന് പ്രസക്തിയില്ലാതാവും.