തിരുവനന്തപുരം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീവഴി നൽകുന്ന ഒരുലക്ഷം രൂപവരെയുള്ള പലിശരഹിതവായ്പ വിതരണം ഈയാഴ്ച തുടങ്ങും. മേളകൾ സംഘടിപ്പിച്ച് വായ്പ നൽകാനാണ് തീരുമാനം. സഹകരണസംഘങ്ങളും ബാങ്കുകളും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന വായ്പയാണ് പലിശരഹിതമായി അപേക്ഷകർക്ക് നൽകുന്നത്. സഹകരണ സംഘങ്ങൾ അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നതിന്റെ ഉദ്ഘാടനം 28-ന് നടക്കും.
കുടുംബശ്രീക്ക് ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സർക്കാരുമായി ധാരണയുണ്ടാക്കിയെങ്കിലും എല്ലാ ബാങ്കുകളും ഇതിന് തയ്യാറായിട്ടില്ല. നിലവിൽ 10 - 12 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ഇത് ഒമ്പത് ശതമാനമാക്കാൻ ബാങ്കുകളുടെ ഡയറക്ടർബോർഡ് തീരുമാനിക്കണം. ചില ബാങ്കുകൾ മാത്രമാണ് ഇതിന് നടപടിയെടുത്തത്. കുറഞ്ഞ പലിശയ്ക്ക് വായ്പനൽകാനാവില്ലെന്ന് സ്വകാര്യബാങ്കുകൾ നേരത്തേ നിലപാടെടുത്തിരുന്നു.
കനറാ ബാങ്കുൾപ്പെടെ ചില ബാങ്കുകൾ അയൽക്കൂട്ടങ്ങളിൽനിന്ന് വായ്പാ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എസ്.എൽ.ബി.സി. വഴി ബാങ്കുകളുടെ സഹകരണം ഉറപ്പാക്കുമെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ഹരികിഷോർ പറഞ്ഞു.
ഇതുവരെ 1.09 ലക്ഷം പേരാണ് വായ്പയ്ക്ക് അപേക്ഷിച്ചത്. മിക്കവരും ശരാശരി ആവശ്യപ്പെട്ടിരിക്കുന്നത് 65,000 രൂപയാണ്. വായ്പ തിരിച്ചടയ്ക്കാൻ കുടുംബശ്രീക്ക് ഒമ്പത് മാസത്തെ സാവകാശമുണ്ട്. എന്നാൽ, വായ്പയെടുക്കുന്നവർ അടുത്തമാസം മുതൽ ചെറിയതുകയെങ്കിലും അടച്ചുതുടങ്ങണമെന്ന് കുടുംബശ്രീ നിർദേശിച്ചിട്ടുണ്ട്.
മൂന്നുമുതൽ നാലുവർഷംവരെയാണ് വായ്പാ തിരിച്ചടവ് കാലാവധി. ആദ്യ മൂന്നുമാസം 400 രൂപവീതവും അടുത്ത മൂന്നുമാസം 600-യും പിന്നെ 800, 1000 രൂപ എന്നിങ്ങനെയും തവണകൾ ക്രമീകരിക്കാം. ഇതിന് കഴിയാത്തവർ തുടക്കത്തിൽ ആഴ്ചയിലോ മാസത്തിലോ ചെറിയ തുക അടച്ചാൽ മതി.
ഒമ്പത് ശതമാനം പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകും. വീടിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനും ആട്, കോഴി തുടങ്ങിയ ജീവനോപാധികൾ വാങ്ങാനും വായ്പത്തുക വിനിയോഗിക്കാം.
കുടുംബശ്രീ അംഗമല്ലാത്തവർക്ക് വായ്പ വേണമെങ്കിൽ അവരെയും അയൽക്കൂട്ടത്തിൽ അംഗമാക്കി വായ്പനൽകും. വായ്‌പയെടുക്കുന്നവർ കുടുംബശ്രീയിൽ സജീവമായി പ്രവർത്തിക്കണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്.