തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിൽ തന്നെ കുടുക്കിയവരുടെ പേരിൽ നൽകിയ നഷ്ടപരിഹാരക്കേസിൽ പോരാട്ടം തുടരുമെന്ന് ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. ‘സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ കടംവീട്ടാനേ തികയൂ. അഞ്ചു മിനിറ്റ്‌കൊണ്ടു ആ തുക തീരും. തിരുവനന്തപുരം സബ് കോടതിയിൽ ഒരു കോടിരൂപയുടെ നഷ്ടപരിഹാരം തേടിയാണ് കേസു നൽകിയത്. സ്നേഹിക്കുന്ന നിരവധിപേർ പണംതന്നു സഹായിച്ചു. സമ്പാദ്യവും പെൻഷനുമെല്ലാം കേസിനുവേണ്ടി ചെലവാക്കി’ -അദ്ദേഹം പറഞ്ഞു.

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായിരുന്ന ആർ.ബി. ശ്രീകുമാർ, ജോൺമാത്യു, ചാരക്കേസ് അന്വേഷണ സംഘത്തലവൻ സിബി മാത്യൂസ്, പുനരന്വേഷണ സംഘത്തലവൻ ടി.പി. സെൻകുമാർ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയൻ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവർക്കുനേരെയാണ് നഷ്ടപരിഹാരത്തിനായി നമ്പി നാരായണൻ കേസ് കൊടുത്തിരിക്കുന്നത്. 1999-ലായിരുന്നു ഇത്. ഈ മാസം അവസാനം വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്.

‘സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിറ്റി വിളിച്ചാൽ പോയി മൊഴിനൽകും. സംസ്ഥാന പോലീസ് മാത്രമല്ല പീഡിപ്പിച്ചത്. ഐ.ബി. ഉദ്യോഗസ്ഥരുമുണ്ട്. ഇവരെ എല്ലാവരെയും കണ്ടാൽ അറിയാം. മാധ്യമങ്ങളും ആക്രമിച്ചു. ഇല്ലാത്ത കഥകളാണ് എഴുതിയതെങ്കിൽ അത് നൽകിയത് ആരെന്ന് വ്യക്തമാക്കണം. ഇ.കെ. നായനാരാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അദ്ദേഹം മനുഷ്യത്വമുള്ള നല്ല ഭരണാധികാരിയാണ്. അദ്ദേഹത്തെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കെ. കരുണാകരനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. നാടിനുവേണ്ടി നല്ലത് ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം -നമ്പി നാരായണൻ പറഞ്ഞു.

തന്റെ കേസ് നടത്തിയ അഭിഭാഷകരെല്ലാം ഇപ്പോൾ ഉന്നതനിലയിലാണ്. സുപ്രീംകോടതിയിൽ കേസുനടത്തിയ ഉണ്ണികൃഷ്ണൻ ഒരു രൂപപോലും വാങ്ങിയിട്ടില്ല. സുപ്രീംകോടതിവരെ ഒാരോ തവണ പോകുമ്പോഴും 30,000 രൂപയായിരുന്നു ചെലവ്. കേസിൽ കുടുക്കിയതാരാണെന്നും എന്തിനാണെന്നും എനിക്കറിയില്ല. ഒരു കോടതിയും എന്നെ കുറ്റക്കാരനായി കണ്ടില്ലെന്നത് ആശ്വാസകരമാണ്. മാനനഷ്ടക്കേസ് ഫയൽ ചെയ്തപ്പോൾ വല്ലാതെ ദുഃഖിച്ചു, നോട്ടീസ് അയക്കുമ്പോഴെല്ലാം കോടതിയിൽ പോകണമായിരുന്നു. ചെയ്യാത്ത തെറ്റിന് വലിയ ശിക്ഷയായിരുന്നു അത്. സുപ്രീംകോടതിയിൽ കേസ് പരിഗണിച്ച മൂന്നു ജഡ്ജിമാരെയും എനിക്ക് അറിയില്ല. എന്നാൽ, ശരിയറിഞ്ഞ് എനിക്കുവേണ്ടി വാദിക്കുംപോലെ തോന്നി. വിധിയറിഞ്ഞ് ഐ.എസ്.ആർ.ഒ. ചെയർമാൻ ഉൾപ്പെടെ കൂടെ ജോലിചെയ്തിരുന്ന നിരവധിപേർ വിളിച്ചു സന്തോഷം പങ്കിട്ടു -അദ്ദേഹം പറഞ്ഞു.

കോടതിയിൽനിന്നും വളരെ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായി. അതെല്ലാം ചേർത്ത് ഒരു പുസ്തകമെഴുതണം, എന്നെക്കുറിച്ച് ഒരു സിനിമയും വരുന്നുണ്ട്, മാധവനാണ് എന്റെ വേഷം ചെയ്യുന്നത് -അദ്ദേഹം പറഞ്ഞുനിർത്തി.