തിരുവനന്തപുരം: സർക്കാരിന്റെ സാലറി ചാലഞ്ചിന് ‘നോ’ പറഞ്ഞ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനും ഭരണപക്ഷ സംഘടനാ നേതാവുമായ സെക്ഷൻ ഓഫീസറെ സ്ഥലംമാറ്റി. നടപടി വിവാദമായതോടെ ധനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗവും ധനവകുപ്പിൽ ഫണ്ട്‌സ് സെക്ഷൻ സെക്ഷൻ ഓഫീസറുമായ കെ.എസ്. അനിൽരാജിനെയാണ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെൻഷൻ സെക്ഷനിലേക്ക് മാറ്റിയതും പിന്നീട് അതേസ്ഥാനത്ത് തുടരാൻ അനുവദിച്ചതും.

വീട്ടിലെ പരാധീനതകൾകൊണ്ട്, സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയ്ക്കും തനിക്കും ഒരുപോലെ സാലറി ചലഞ്ച് ഏറ്റെടുക്കാനാവില്ലെന്നും അതിനാൽ താൻ ‘നോ’ പറയുകയാണെന്നും അനിൽരാജ് വാട്സാപ്പിൽ പോസ്റ്റിട്ടിരുന്നു. ധനവകുപ്പ് ജീവനക്കാരുടെ ‘ഫിനാൻസ് ഫ്രണ്ട്‌സ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം പ്രചരിച്ചതോടെ ബുധനാഴ്ച വൈകുന്നേരമാണ് സ്ഥലംമാറ്റിയത്.

എന്നാൽ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ സ്ഥലംമാറ്റം റദ്ദാക്കാൻ മന്ത്രി തോമസ് ഐസക് നിർദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെ തനിക്ക് തെറ്റുപറ്റിയതാണെന്ന് അനിൽരാജ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘സാഹിത്യപരമായിപ്പോയപ്പോൾ പറ്റിയ തെറ്റിന് മാപ്പ്. ക്ഷമ ചോദിച്ചുകൊണ്ട് പറയട്ടെ, എന്റെ സാലറി ദുരിതത്തിന് ആശ്വാസമേകാൻ നൽകുന്നു. സർക്കാരിനൊപ്പം എന്നും’ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇൗ പോസ്റ്റിനു ശേഷം വൈകുന്നേരത്തോടെ സ്ഥലംമാറ്റം റദ്ദാക്കുകയായിരുന്നു.

അനിൽരാജിന്റെ വാട്സാപ്പ് സന്ദേശം

32 ദിവസം ശമ്പളമില്ലാതെ സമരം ചെയ്തയാളാണ് ഞാൻ. ഇക്കുറി എന്റെ പരമാവധി, ഞാൻ, എന്റെ മക്കൾ, വീട്ടുകാർ ഒക്കെ ചെയ്തു. സാലറി ചലഞ്ചിന് ആദ്യത്തെ നോ ആകട്ടെ എന്റേത്. കഴിവില്ല അതുതന്നെ ഉത്തരം.

ഇതിനുപിന്നാലെ, മാസ ശമ്പള ചലഞ്ചിന് പിന്തുണയെന്നും നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണമെന്നും അഭ്യർഥിക്കുകയും താൻ എന്തുകൊണ്ട് നോ പറയുന്നെന്നതിന് വിശദീകരണവുമായി അനിൽ രാജ് വീണ്ടും പോസ്റ്റിട്ടു. ഇതിന് ഒട്ടേറെ കമന്റുകളും ചർച്ചകളും വന്നതോടെ അനിൽരാജ് കൂടുതൽ വിശദീകരണവുമായി വാട്സാപ്പ് ഗ്രൂപ്പിൽ എത്തി. തന്റെ ഭാര്യ സർക്കാർ ജീവനക്കാരിയാണെന്നും രണ്ടുപേർക്കും ഒരുപോലെ സാലറി ചലഞ്ച് ഏറ്റെടുക്കണമെന്നുണ്ടെന്നും പരാധീനതകൾ അതിന് വിലങ്ങിടുന്നെന്നും വ്യക്തമാക്കി. താൻ സാലറി ചലഞ്ചിന് എതിരാണെന്ന മട്ടിൽ ചിലർ പറഞ്ഞുനടക്കുന്നെന്നും അതു വേണ്ടെന്നും പറഞ്ഞു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.