തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള സർക്കാർ നടപടികൾക്കു സർവകക്ഷിയോഗം പിന്തുണ പ്രഖ്യാപിച്ചു. പുനരധിവാസ, പുനർനിർമാണപ്രവർത്തനങ്ങളിൽ സർക്കാരിനു പിന്തുണ നൽകി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾ അറിയിച്ചു.

മത്സ്യത്തൊഴിലാളികളെ പരിശീലനം നൽകി ദുരന്തസമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന െവാളന്റിയർമാരാക്കുമെന്ന് മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ അറിയിച്ചു. തീരദേശ പോലീസിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പുനർനിർമാണ പ്രവർത്തനങ്ങളിൽ എൻജിനീയറിങ് വിദ്യാർഥികളെയുൾപ്പെടെ പങ്കെടുപ്പിക്കും.

മറ്റുരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭക്ഷ്യവസ്തുക്കൾ അല്ലാത്ത സഹായം നൽകുന്നതിൽ തടസ്സമില്ല. വീടു നഷ്ടപ്പെട്ടവർക്കായി ക്യാമ്പുകൾ തുടരും. സ്കൂളുകൾ ഉപയോഗിക്കാനാകാത്തതിനാൽ പകരം സംവിധാനങ്ങൾ ഉറപ്പാക്കും. ജനങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള സാങ്കേതികതടസ്സങ്ങൾ പരിഹരിക്കുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.‍