തിരുവനന്തപുരം: പെരുമഴയിൽ മുങ്ങിയ കേരളത്തെ കൂടുതൽ ആശങ്കയിലാക്കി പ്രളയവും ഉരുൾപൊട്ടലും തുടരുന്നു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ എട്ടു ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി അതിജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

വയനാട്ടിൽ 14 വരെയും ഇടുക്കിയിൽ 13 വരെയുമാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശനിയാഴ്ചവരെ അതിജാഗ്രതാനിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നാനൂറിലേറെ സൈനികരെ വിന്യസിച്ചു.

ഇടുക്കി തുറന്നു; പെരിയാറിൽ പ്രളയം

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു. ഇതോടെ പെരിയാർ തീരവും വെള്ളപ്പൊക്കക്കെടുതിയിലായി. ആലുവ മേഖലയിൽ 2013-ലേതിന്‌ സമാനമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പുനൽകി.

മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ 29 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നാലുപേരെ കാണാതായി. കഴിഞ്ഞദിവസംമാത്രം 22 പേർ മരിച്ചിരുന്നു. 25 പേർ മണ്ണിടിച്ചിലിലും നാലുപേർ മുങ്ങിയുമാണ് മരിച്ചത്. പാലക്കാട്ടും എറണാകുളത്തുമാണ് രണ്ടുപേർവീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12-ഉം കോഴിക്കോട്ട് ഒന്നും കണ്ണൂരിൽ രണ്ടും വയനാട്ടിൽ നാലും പേർ മണ്ണിടിച്ചിലിൽ മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെ വീതവും കാണാതായി. 21 പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച വയനാട് വൈത്തിരി വെള്ളാരംകുന്നിലെ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. മേപ്പാടി മൂപ്പൈനാട് കടൽമാട് വാറങ്ങോടൻ ഷൗക്കത്തലി (33) ആണ് മരിച്ചത്. ബുധനാഴ്ച നിലമ്പൂർ എരുമമുണ്ടയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ചെട്ടിയാംപാറ പറമ്പാടൻ സുബ്രഹ്മണ്യന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തി. സുബ്രഹ്മണ്യന്റെ അമ്മ, ഭാര്യ, രണ്ടു മക്കൾ, സുബ്രഹ്മണ്യന്റെ അമ്മയുടെ സഹോദരിയുടെ മകൻ മിഥുൻ എന്നിവരുടെ മൃതദേഹം വ്യാഴാഴ്ചതന്നെ കിട്ടിയിരുന്നു. ഇടുക്കി വെള്ളത്തൂവലിന് സമീപം മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച പണിക്കൻകുടി മനക്കപ്പറമ്പിൽ റിനോ തോമസി(28)ന്റെ മൃതദേഹവും വെള്ളിയാഴ്ച കണ്ടെത്തി. മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് വ്യാഴാഴ്ചയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ രണ്ടാംദിവസവും കണ്ടെത്താനായില്ല.

മഴക്കെടുതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. മുഖ്യമന്ത്രി ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഹെലികോപ്റ്ററിലാണ് യാത്ര. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ മേഖലകളിലാണ് സന്ദർശനം.

ഇടുക്കിയിലും വയനാട്ടിലും ആലുവയിലും ഹെലികോപ്റ്റർ ഇറക്കാൻ ആലോചിക്കുന്നുണ്ട്. മഴക്കെടുതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കൊച്ചിയിലെത്തും. വെള്ളപ്പൊക്ക പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ചെന്നുകാണും. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

14 വരെ കനത്തമഴ

കനത്ത മഴ 14 വരെയെങ്കിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ഒഡിഷാ തീരത്തിന് അടുത്തായി വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ തുടർന്നുള്ള എതാനും ദിവസങ്ങളിലും കനത്തമഴ പ്രതീക്ഷിക്കാം.

കനത്തസുരക്ഷയിൽ ആലുവയിൽ ബലിതർപ്പണം

ആലുവ മണപ്പുറത്ത് ശനിയാഴ്ച കർക്കടക വാവുബലിക്കെത്തുന്നവർക്കായി കർശന സുരക്ഷയൊരുക്കി. ദുരന്തനിവാരണസേനയുടെ 37 അംഗ സംഘം വെള്ളിയാഴ്ച ഉച്ചയോടെ ആലുവ മണപ്പുറത്തെത്തി. കോസ്റ്റ്ഗാർഡിന്റെ സാന്നിധ്യവുമുണ്ട്. ഫയർഫോഴ്‌സിനും പോലീസിനും പുറമേയാണിത്. മൂന്ന് ബോട്ടുകൾ, 20 ലൈറ്റ് ബോട്ടുകൾ, 40 ലൈഫ് ജാക്കറ്റുകൾ തുടങ്ങിയവയടക്കം സജ്ജമാണ്.

ഇടുക്കി പുറന്തള്ളുന്നത് സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ

ചെറുതോണി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറക്കുന്നത് ഇത് രണ്ടാംതവണ. 1992-ലും അഞ്ച് ഷട്ടർ തുറന്നിരുന്നു. പുറത്തേക്ക് വെള്ളം ഒഴുക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അളവിലായിട്ടും അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. അഞ്ചു ഷട്ടറുകളിലൂടെയുമായി സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 53,501 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

* 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,240 കുടുംബങ്ങളിലെ 53,501 പേർ. ആലപ്പുഴയിൽ നേരത്തേ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ കഴിയുന്നവർ ഉൾപ്പെടെയാണിത്.

* പെരിയാർ തീരത്തെ 6500 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിന് നടപടി തുടങ്ങി.

* ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ, തമിഴ്നാട്ടിലെ ആർക്കോണം എന്നിവിടങ്ങളിൽ ക്യാമ്പുചെയ്യുന്ന ദുരന്തപ്രതികരണ സേനയുടെ നാല് സംഘങ്ങൾകൂടി എറണാകുളത്ത് എത്തും. നിലവിൽ പത്തുസംഘങ്ങൾ സംസ്ഥാനത്തുണ്ട്.

* എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സൈന്യവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൊച്ചിയിൽ തീരസംരക്ഷണ സേനയെയും സജ്ജമാക്കി.

* പത്തനംതിട്ടയിലെ കക്കിഡാം തുറന്നതോടെ കുട്ടനാടും പ്രളയഭീതിയിൽ.

* ഇടുക്കി അണക്കെട്ടിൽ ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. നീരൊഴുക്ക് ശക്തമായതിനാൽ പുറത്തേക്ക് വെള്ളമൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാനാണ് ശ്രമം.

* പെരിയാറിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനായി ഇടമലയാറിൽ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.

* റൺവേയിൽ വെള്ളം കയറുന്നതുമൂലം കൊച്ചി വിമാനത്താവളം അടയ്ക്കേണ്ടിവന്നാൽ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും.

* കോഴിക്കോട് ജില്ലയിൽ മഴയിൽ കക്കയം ഡാം സൈറ്റ് റോഡ് തകർന്നു.

*മഴ കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങാത്തതിനാൽ മലയോരമേഖലയിൽ ജനജീവിതം സാധാരണനിലയിലായിട്ടില്ല. ദുരന്തനിവാരണത്തിന് ഏഴുമേഖലകളായി തിരിച്ച് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കുന്നുണ്ട്. തകർന്ന ചുരം റോഡ് പുനർനിർമിക്കാൻ യു.എൽ.സി.സി.യെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച ജോലിതുടങ്ങും.