തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ ആലുവ പോലീസ് നടത്തിയ തെരച്ചിലിൽ ചില രേഖകൾ കണ്ടെത്തിയിരുന്നു.

മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തിൽവെച്ച് വെള്ളിയാഴ്ച പുലർച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയിൽ അറസ്റ്റുചെയ്തവരിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടിൽ തിരച്ചിൽ നടത്തിയത്.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, ട്രഷറർ പദവികളും നാസർ വഹിച്ചിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിന്റെ നയരൂപവത്‌കരണ സമിതിയിലും അംഗമാണ്. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ കഴിഞ്ഞദിവസം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

കൊലക്കേസിലെ പ്രധാന പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിന്റെ മെല്ലെപ്പോക്കിന്റെ ഫലമാണെന്നുള്ള പ്രചാരണം നടക്കുന്നതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൊലപാതകത്തിലോ പ്രതികളെ രക്ഷപ്പെടുത്തിയതിലോ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ യു.എ.പി.എ. ചുമത്തുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. കേസന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ.)യുടെ ഇടപെടലുണ്ടാകുമെന്ന ആശങ്കയാണ് യു.എ.പി.എ. ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാരിനെ പിന്നാക്കം വലിക്കുന്നത്. ഉന്നതനേതാക്കൾക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടെങ്കിൽ അന്വേഷണം കേരളാ പോലീസിൽ ഒതുക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ സർക്കാർ.