തിരുവനന്തപുരം: തമ്പാനൂർ ബസ്‌സ്റ്റാൻഡിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സ്റ്റേഷൻമാസ്റ്ററായെത്തിയ കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ തച്ചങ്കരി നേരിട്ട് മനസ്സിലാക്കി. വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് അദ്ദേഹം സ്റ്റേഷൻമാസ്റ്ററായി ജോലിചെയ്തത്.

അകമ്പടിയൊന്നുമില്ലാതെ രാവിലെ 7.50-നാണ് സ്റ്റേഷൻ മാസ്റ്ററുടെ ഔദ്യോഗികവേഷം ധരിച്ച് ചാർജ് ഏറ്റെടുക്കാനെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സി.സി. അശോകനിൽനിന്നും ചാർജ് എഴുതിവാങ്ങി. രജിസ്റ്ററിൽ ഒപ്പിട്ടു.

ആദ്യം അയയ്ക്കേണ്ടത് തെങ്കാശി ബസ്. ഡ്രൈവറും കണ്ടക്ടറും തയ്യാർ. ഇരുവരുടെയും ഹാജർ രേഖപ്പെടുത്തി ജോലിതുടങ്ങാൻ അനുമതി നൽകി. തൊട്ടുപിന്നാലെ പമ്പ ബസും അയച്ചു. മറ്റ് ഡിപ്പോകളിൽനിന്നെത്തിയ ബസുകളിലെ ജീവനക്കാരും സമയം രേഖപ്പെടുത്താൻ സ്റ്റേഷൻമാസ്റ്റർക്കു മുന്നിലെത്തി.

ഇതിനിടെ തച്ചങ്കരിയെ തിരിച്ചറിഞ്ഞ യാത്രക്കാർ പരാതിയുമായെത്തി. അവരോട് സംസാരിക്കുമ്പോഴും ജോലി മുടക്കിയില്ല. ഉച്ചയ്ക്ക് ഒരുമണിവരെ ടോമിൻ തച്ചങ്കരി തമ്പാനൂരിൽ ഉണ്ടായിരുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് സർവീസുകൾ പുനഃക്രമീകരിക്കുന്നതിന് അടിയന്തരചർച്ചകൾ വേണ്ടിവന്നതിനാൽ ഉച്ചയ്ക്ക് ഡ്യൂട്ടി മതിയാക്കി മടങ്ങി.

മുമ്പ് കെ.എസ്.ആർ.ടി.സി. കണ്ടക്ടറായും അദ്ദേഹം ജോലിചെയ്തിരുന്നു. ഇപ്പോൾ ഡ്രൈവിങ് പരിശീലനത്തിലാണ്. ഉടൻ ഡ്രൈവറായും കെ.എസ്.ആർ.ടി.സി. എം.ഡി.യെ കാണാം.