തിരുവനന്തപുരം: സ്കൂളുകളിൽ പ്ളസ് വൺ സീറ്റുകൾ പുനർനിർണയിക്കാത്തതിനെത്തുടർന്നുള്ള അനിശ്ചിതാവസ്ഥ ഈ വർഷവും തുടരുന്നു. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സീറ്റുകൾ നിശ്ചയിക്കാത്തതിനെത്തുടർന്നാണ് ഈ അവസ്ഥ. ആവശ്യക്കാരേറെയുള്ള സ്കൂളുകളിൽ അപേക്ഷിച്ച ഭൂരിഭാഗംപേർക്കും അവിടെ പഠിക്കാൻ കഴിയില്ല. അതേസമയം, ചില സ്കൂളുകളിൽ സീറ്റുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കുകയും ചെയ്യും.

കഴിഞ്ഞ അഞ്ചുവർഷത്തെ പ്ലസ്‌വൺ പ്രവേശനം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പ്രവേശനം തുടങ്ങുമ്പോൾ സീറ്റില്ലെന്ന മുറവിളി ഉയരും. അഡ്മിഷൻ അവസാനിക്കുമ്പോൾ ആയിരക്കണക്കിന് സീറ്റുകൾ മിച്ചംകിടക്കും. ഈ വർഷവും സമാന സാഹചര്യമാണ്.

ആവശ്യമുള്ള സ്‌കൂളുകളിൽ സീറ്റ് വർധിപ്പിക്കാനുള്ള പഠനത്തിന് സർക്കാർ ഹയർസെക്കൻഡറി വകുപ്പിനെ രണ്ടുവർഷംമുമ്പ് ചുമതലപ്പെടുത്തിയിരുന്നു. പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനയോഗ്യത നേടുന്നവർക്ക് അതേ സ്‌കൂളിൽത്തന്നെ പ്ലസ്‌ടു പഠിക്കാൻ സൗകര്യം നൽകുന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളായിരുന്നു ആലോചിച്ചിരുന്നത്. ഇതുസംബന്ധിച്ച് പഠനം എങ്ങുമെത്തിയില്ല.

ഒരു ക്ലാസിൽ 50 കുട്ടികളാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 65 പേരെവരെ ഒരു ക്ലാസിൽ ഇരുത്തേണ്ടിവരും. പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ എല്ലാ സ്‌കൂളുകളിലും 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചു. ഇപ്പോൾ വടക്കൻ ജില്ലകളിൽ 10 ശതമാനംകൂടി കൂട്ടി. ഒരിടത്തും അപേക്ഷകരുടെ എണ്ണവും സ്‌കൂളുകളിലെ ഭൗതികസാഹചര്യങ്ങളും പരിഗണിച്ചിട്ടില്ല .

പ്ലസ് വൺ പ്രവേശനം പൂർത്തിയായി കഴിഞ്ഞപ്പോൾ കഴിഞ്ഞവർഷം ബാക്കിവന്നത് 42,332 സീറ്റുകളാണ്.

കഴിഞ്ഞ വർഷങ്ങളിൽ വിവിധ വിഭാഗങ്ങളിൽ ബാക്കിയായ സീറ്റുകൾ

വർഷം- ഗവ. മെരിറ്റ് -എയ്‌ഡഡ് - അൺ എയ്‌ഡഡ് -ആകെ

2012 -12552- 11380 -26747 -50679

2013 -2370- 3513 -19302 -25185

2014- 4827 -7473 -26662- 38962

2015 -4912 -3972 -16040- 24924

2016 -5459- 9454 -18530 -33443

2017- 9975 -10153 -22204 - 42332