തിരുവനന്തപുരം: ഏതെങ്കിലും പോലീസ് സ്‌റ്റേഷൻ അതിർത്തിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടായാൽ ആ സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് സുരക്ഷാചുമതല ഉണ്ടാകുമെന്നത് പുതിയ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്.

ഗാന്ധിനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തന്റെ പരിപാടി ഉച്ചയ്ക്കുശേഷമായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ അറിഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ല. അക്കാര്യത്തിൽ പോലീസ് ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ല. അതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. കെവിന്റെ മരണത്തിൽ പോലീസിനുപറ്റിയ വീഴ്ച മന്ത്രിസഭായോഗം ചർച്ചചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തണമെന്ന നിർദേശത്തെത്തുടർന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെക്കണ്ടത്.

പോലീസിന്റെ പ്രവർത്തനത്തിൽ വലിയ പ്രശ്‌നമൊന്നും കാണുന്നില്ല. ഡി.ജി.പി. നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം, കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന് വലിയവീഴ്ചയാണ് സംഭവിച്ചത്. ഒറ്റപ്പെട്ട സംഭവമാണത്. പോലീസിന്റെ ആകെ വീഴ്ചയായി കാണേണ്ടതില്ല. സംഭവത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കെവിന്റെ വീട് സന്ദർശിക്കുന്നതും കുടുംബത്തിന്‌ സഹായം നൽകുന്നതും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. സർക്കാർ കെവിന്റെ വീട്ടുകാർക്കൊപ്പമുണ്ട്.

ഇത്തരമൊരു പരാതിവന്നാൽ വേഗത്തിലുള്ള നടപടികളാണ് പോലീസ് സ്വീകരിക്കേണ്ടത്. ആ ധർമം പാലിച്ചില്ല. അതിനാലാണ് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ച് അന്വേഷണം നടത്തുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് എന്തുവീഴ്ചയുണ്ടായാലും ആരെയും സംരക്ഷിക്കില്ല. കർശനമായ നടപടിയെടുക്കും. പോലീസ് സംവിധാനത്തെ വേണ്ടെന്നുവയ്ക്കാനാവില്ല. എല്ലാവർക്കും ശരിയായ നിർദേശം നൽകിയിട്ടുണ്ട്.

60,000 പോലീസുകാരുള്ളതിൽ ഒന്നോ രണ്ടോ പേർ അവിവേകം കാണിച്ചാൽ പോലീസിനെതിരേയും സർക്കാരിനെതിരേയും വിമർശനമുണ്ടാകുമെന്നത് സ്വാഭാവികമാണ്. തന്റെ സുരക്ഷയ്ക്ക് ഇത്രയും പോലീസുകാരെന്തിനെന്ന് അതിന് കാരണക്കാരായവരോടുതന്നെ ചോദിക്കണം. സുരക്ഷാ വീഴ്ചയുണ്ടായാൽ അപ്പോൾ മാധ്യമങ്ങൾതന്നെ വിമർശനവുമായി രംഗത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് തന്റെ സുരക്ഷാചുമതല ഇല്ലായിരുന്നുവെന്നാണ് ആദ്യദിവസം മുഖ്യമന്ത്രി പറഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയിൽ എസ്.ഐ.യുടെ പേരുമുണ്ടെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയതോടെ അത് വിവാദമായി. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.