തിരുവനന്തപുരം: ഭരണപരാജയം ജനങ്ങൾ തിരിച്ചറിഞ്ഞതിനെത്തുടർന്ന് സമനിലതെറ്റിയനിലയിലാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയല്ല ഉപദേശകനായ രമൺ ശ്രീവാസ്തവയാണ് പോലീസിനെ ഭരിക്കുന്നതെന്ന ആരോപണം താൻ ചൂണ്ടിക്കാണിച്ചതിനാണ് പ്രതിപക്ഷ നേതാവ് വിടുവായത്തം പറയുകയാണെന്ന് മുഖ്യമന്ത്രി ആക്ഷേപിച്ചത്. ആരാണ് വിടുവായത്തം പറയുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗർ എസ്.ഐ.ക്ക് തന്റെ സുരക്ഷാച്ചുമതലയില്ലായിരുന്നെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞത് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വന്നപ്പോൾ പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിയുള്ളതിനാൽ കെവിനെ തട്ടിക്കൊണ്ടുപോയത് അന്വേഷിക്കാൻ കഴിയില്ലെന്ന പോലീസിന്റെ മറുപടി ഭാര്യ നീനു പറഞ്ഞത് എല്ലാവരും കേട്ടതാണ്. അവർ അങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളാണ് ആ ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നതും കളവാണ്.

ഏത് മഹാരാജാവ് ഭരിച്ചാലും തനിക്ക് പറയാനുള്ളത് പറയും. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് എനിക്കറിയാം. പാർട്ടി സെക്രട്ടറി മാത്രമാണെങ്കിൽ പിണറായി വിജയന് വേണമെങ്കിൽ ചോദ്യങ്ങൾ നേരിടാതിരിക്കാം. എന്നാൽ, മുഖ്യമന്ത്രിക്ക് അതിന് കഴിയില്ല. മഹാനായ ഇ.എം.എസ്. ഇരുന്ന കസേരയിലാണ് പിണറായി വിജയൻ ഇരിക്കുന്നതെന്നോർത്ത് അനുതാപം തോന്നുന്നു.

മാധ്യമങ്ങളല്ല നാടിനെ അപമാനിക്കുന്നത്, മുഖ്യമന്ത്രിയാണ്. മാധ്യമ ജാഗ്രതമൂലമാണ് കെവിന്റെ കേസിലടക്കം കാര്യമായ അന്വേഷണം ഉണ്ടായത്. ഒറ്റപ്പെട്ട സംഭവങ്ങളുടെപേരിൽ പോലീസിനെയാകെ കുറ്റപ്പെടുത്തുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഒറ്റപ്പെട്ട സംഭവങ്ങൾ തുടർച്ചയായി പത്തെണ്ണം കഴിഞ്ഞു. തോമസ് ഐസക്കും വി.എസ്. അച്യുതാനന്ദനും കടകംപള്ളി സുരേന്ദ്രനും വരെ ക്രമസമാധാന തകർച്ചയെ വിമർശിക്കേണ്ടിവന്നെന്നും ചെന്നിത്തല പറഞ്ഞു.