തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍. കോളേജിന് അംഗീകാരം നേടിയെടുക്കുന്നതിനായി തെറ്റായ വിവരങ്ങള്‍ നല്കി മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടി.

ഡോക്ടര്‍മാരായ പി.ജി. ആനന്ദകുമാര്‍, വി.കെ. വത്സലന്‍, സെബാസ്റ്റ്യന്‍ സഖറിയാസ്, നാരായണ പ്രസാദ്, കെ.എം. അശോകന്‍, സി.കെ. രാജമ്മ, പി. ശ്രീദേവി, കെ.വി. ശിവശങ്കര്‍, പി. മുഹമ്മദ് ഇബ്രാഹിം, സി.വി. ജയരാജന്‍ എന്നിവരുടെ പേരിലാണ് നടപടി. ഇതില്‍ ജയരാജന്റെ പേരിലുള്ള നടപടികളില്‍ ഇളവാകാമെന്ന് എത്തിക്‌സ് കമ്മിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇവരെ ഒരുവര്‍ഷത്തേക്ക് രോഗികളെ ചികിത്സിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കണമെന്നാണ് നിര്‍ദേശം. ഒരുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ പട്ടികയില്‍നിന്ന് ഇവരുടെ പേര് നീക്കാനും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇവരാണ് അന്തിമ നടപടിയെടുക്കേണ്ടത്.

ഈ മാസം 19-ന് കൗണ്‍സിലിന്റെ അച്ചടക്കസമിതി ഇക്കാര്യം പരിഗണിക്കും. ജൂണ്‍ എട്ടിന് ചേരുന്ന കൗണ്‍സില്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ എസ്. ഭദ്രന്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിശദീകരണം കേട്ടശേഷമാകും നടപടി.

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനെത്തിയ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ക്കുമുമ്പാകെ ഈ ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. മറ്റു മെഡിക്കല്‍കോളേജുകളില്‍ ജോലിചെയ്യുന്ന ഇവര്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിനം തെളിവെടുപ്പിനും ശേഷമാണ് നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ വിശദീകരണവും കൗണ്‍സില്‍ പരിഗണിച്ചിരുന്നു. ഇത്രയും ഡോക്ടര്‍മാരുടെ പേരില്‍ ഒന്നിച്ച് കൗണ്‍സില്‍ നടപടി നിര്‍ദേശിക്കുന്നത് ആദ്യമാണ്.

വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കെതിരേ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. 2016-17 വര്‍ഷത്തില്‍ കോളേജ് ചട്ടവിരുദ്ധമായി നടത്തിയ പ്രവേശനം ക്രമപ്പെടുത്തി നല്കാന്‍ സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണം സുപ്രീംകോടതി ഇടപെടലിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു.