തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. അത്യാഹിതവിഭാഗങ്ങള്‍ ഒഴികെ ഒ.പി.കള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.ജി.എം.ഒ.എ.) അറിയിച്ചു.

കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി.കള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ച് ജോലിയില്‍നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. രണ്ട് ഡോക്ടര്‍മാര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് നിലവില്‍ ഒ.പി.കള്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ എണ്ണമനുസരിച്ച് ഒന്നു മുതല്‍ നാലു വരെ ഒ.പി.യില്‍ ഡ്യൂട്ടിചെയ്യുന്നവരുണ്ട്. ഇത്രയും ഡോക്ടര്‍മാരെ വെച്ച് ഒ.പി. വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനിശ്ചിതകാല സമരത്തിലേക്കു കടന്നിരിക്കുന്നതെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ.റൗഊഫ് പറഞ്ഞു.

ഡോക്ടറെ സസ്‌പെന്‍ഡുചെയ്ത നടപടി നിര്‍ഭാഗ്യകരമാണെങ്കിലും അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കില്ലെന്ന് കേരള ഗവണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുഞ്ചിത്ത് രവി അറിയിച്ചു.