തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചത് ചികിത്സപ്പിഴവുമൂലമാണെന്ന ആരോപണത്തില്‍ അന്വേഷണം തുടങ്ങി. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണം ആര്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാംദാസിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തിയതായി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റിയന്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവാസി ഡോക്ടറായ ഡോ.റെജി ജേക്കബാണ് തന്റെ ഭാര്യയുടെ മരണം ആര്‍.സി.സി.യിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നത്. ആര്‍.സി.സി.യിലെ വിവിധ വകുപ്പുകളിലെ അനാസ്ഥയും ഡോക്ടര്‍മാരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് തന്റെ ഭാര്യയെ മരണത്തിലേക്കു തള്ളിവിട്ടത്. ഡോക്ടര്‍മാരുടെ പടലപിണക്കം കാരണം ചികിത്സാനിഷേധവും തെറ്റായ റിപ്പോര്‍ട്ടു തയ്യാറാക്കലും നടന്നിട്ടുണ്ടെന്നും ആര്‍.സി.സി.െക്കതിരേ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം ആര്‍.സി.സി.യെ കരിതേച്ചുകാണിക്കാനുള്ള നീക്കങ്ങളാണ് ആരോപണത്തിനു പിന്നിലുള്ളതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഡോക്ടര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്. വന്‍കിട സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കങ്ങളാണ് ഈക്കൂട്ടര്‍ നടത്തുന്നതെന്നും അവര്‍ പറയുന്നു.