തിരുവനന്തപുരം: വിമാനത്തിലെത്തുന്ന യാത്രക്കാരില്‍ നിന്നും സാധനങ്ങള്‍ കവരുന്നതിന് പിന്നില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികളാണെന്ന് കസ്റ്റംസ് കമ്മിഷണര്‍ (പ്രിവന്റീവ്) സുമിത് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കവര്‍ച്ചയ്ക്ക് പിന്നില്‍ കസ്റ്റംസിന് പങ്കില്ല. വിമാനക്കമ്പനികള്‍ ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെയാണ് നിയോഗിക്കുന്നത്.

ഇവര്‍ ബാഗുകള്‍ റണ്‍വേയില്‍ നിന്നും കണ്‍വെയര്‍ ബെല്‍റ്റ് വരെയെത്തിക്കുന്നതിനിടെയാണ് സാധനങ്ങള്‍ നഷ്ടപ്പെടുന്നത്. ഇതിലുള്ള ആരും കസ്റ്റംസ് ഉദ്യോഗസ്ഥരല്ല. ഇത്തരം പരാതികള്‍ വിമാനക്കമ്പനിക്കാരെയും വിമാനത്താവള അധികൃതരേയും അറിയിക്കും. അവരാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടത്.

ബാഗുകള്‍ കൈകാര്യം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ നിയമിക്കുന്നത് പലപ്പോഴും കുഴപ്പത്തിനിടയാക്കുന്നുണ്ട്. ഇവരുടെ കരാര്‍ ജീവനക്കാര്‍ വ്യക്തമായ സെക്യൂരിറ്റി ക്ലിയറന്‍സിന് വിധേയരാകാറില്ല. ഇവര്‍ക്ക് തുച്ഛമായ ശമ്പളമാണ് നല്‍കുന്നത്. അതിനാല്‍ ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്.

ബാഗേജില്‍ നിന്നും സാധനങ്ങള്‍ കാണാതാകുന്നതിന് പിന്നില്‍ ഇത്തരക്കാരാണെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയും മറ്റും തെളിഞ്ഞതാണ്. എയര്‍പോര്‍ട്ട് അതോറിട്ടിക്കും വിമാനക്കമ്പനികള്‍ക്കുമാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും സുമിത് കുമാര്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം 14.5 കോടി രൂപയുടെ സ്വര്‍ണക്കടത്ത് പിടിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി 4.44 കോടി വിലവരുന്ന 13.56 കിലോഗ്രാം സ്വര്‍ണം ആണ് പിടികൂടിയത്. കോഴിക്കോട് വിമാനത്താവളം വഴി 57 കേസുകളിലായി 10.94 കോടിയുടെ സ്വര്‍ണവും പിടിച്ചു.

തിരുവനന്തപുരം വിമാനത്താവളം വഴി 15.53 ലക്ഷം രൂപയുടെ വിദേശ കറന്‍സി, 600 ഗ്രാം മയക്കുമരുന്ന്, 18,7 കിലോഗ്രാം വരുന്ന 34.34 ലക്ഷം രൂപയുടെ കുങ്കുമം, 36.85 ലക്ഷം രൂപയുടെ വിദേശ സിഗററ്റ് എന്നിവ പിടികൂടിയിരുന്നു. കോഴിക്കോട് വിമാനത്താവളം വഴി കടത്തിയ 11.77 കോടി രൂപയുടെ സാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്.

തിരുവനന്തപുരം എയര്‍ കാര്‍ഗോ വഴി 84 കേസുകളിലായി 25.86 ലക്ഷം രൂപയുടെ ഡ്യൂട്ടി ഈടാക്കി. കടലില്‍ ഇതുവരെയുണ്ടായിരുന്ന 24 നോട്ടിക്കല്‍ മൈലില്‍ നിന്നും 320 കിലോമീറ്ററായി കസ്റ്റംസിന്റെ അധികാരപരിധി വ്യാപിപ്പിച്ചതോടെ വിദേശ കപ്പലുകളൊക്കെ കസ്റ്റംസിന്റെ അധികാരപരിധിയില്‍ വരും. ഇതോടെ കരയിലേക്കാള്‍ കൂടുതല്‍ ശ്രദ്ധ കടലിലാണുണ്ടാവുകയെന്ന് കമ്മിഷണര്‍ പറഞ്ഞു.
 

ആര്‍ക്കും വിസില്‍ ബ്ലോവറാവാം

കള്ളക്കടത്ത് തുടങ്ങിയ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസ്റ്റംസിനെ അറിയിക്കണമെന്ന് കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു.

ഇവര്‍ തെളിവ് നല്‍കാനായി കോടതി കയറിയിറങ്ങണമെന്നത് തെറ്റായ പ്രചാരണമാണ്. വിവരം തരുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ രഹസ്യമായി വയ്ക്കും.

കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിനായി സംസ്ഥാന പോലീസ്, എക്‌സൈസ്, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചാണ് കസ്റ്റംസ് പ്രവര്‍ത്തിക്കുന്നത്. റോഡുവഴി കള്ളക്കടത്ത് തടയുന്നതിനും ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട് .

കമ്മിഷണറുടെ 9711704410 എന്ന മൊബൈല്‍ നമ്പറിലോ മറ്റുനമ്പറുകളിലോ വിളിച്ചാല്‍ മതി. സ്വര്‍ണം വിദേശത്തുനിന്ന് കൊണ്ടുവരുമ്പോള്‍ ഡ്യൂട്ടി വെട്ടിക്കുന്നവര്‍ക്കെതിരേ കോഫെപോസ തുടങ്ങിയ നിയമങ്ങള്‍ ചുമത്തും.

പാസ്​പോര്‍ട്ട് റദ്ദാക്കല്‍ വരെയുള്ള നടപടികളും സ്വീകരിക്കും. ആറുമാസം വരെ വിദേശത്ത് കഴിഞ്ഞവര്‍ക്ക് സാധാരണഗതിയില്‍ ഒരു കിലോഗ്രാം സ്വര്‍ണം ഡ്യൂട്ടിയടച്ച് കൊണ്ടുവരാനാകും.