തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിയില്‍നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെ കാണാന്‍ തനിക്കൊരു പ്രയാസവുമില്ല. പദ്ധതി നടപ്പാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിനെക്കാള്‍ താത്പര്യം അദ്ദേഹത്തിനുണ്ട്. കേന്ദ്രാനുമതി കിട്ടാത്തതുകൊണ്ടാണ് നടപടികളില്‍ കാലതാമസം ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യം ബഹുമാനിക്കുന്ന ഇ. ശ്രീധരനെ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കാത്തതും ആസൂത്രിതമായി ഒഴിവാക്കുന്നതും അഴിമതിക്കാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രശ്‌നത്തില്‍ അടിയന്തരപ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ. മുരളീധരനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അഭിപ്രായവ്യത്യാസം ഒരു കാര്യത്തില്‍ മാത്രം

ശ്രീധരനുമായി ഒരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂവെന്ന് മുഖ്യമന്ത്രി. ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി വേണം. ഇത് കിട്ടിയശേഷം മുന്നോട്ടുപോകാമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍, കേന്ദ്രാനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്ന ശക്തമായ അഭിപ്രായം ശ്രീധരന്‍ പലവട്ടം ആവര്‍ത്തിച്ചു. ഇതിനോട് യോജിക്കാന്‍ വയ്യ.

1278 കോടി രൂപ ചെലവുള്ള പദ്ധതിയാണിത്. കേന്ദ്രാനുമതി കിട്ടിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന്റെ ബാധ്യതയാവും. ഇതിനു പറ്റിയ സാമ്പത്തിക സ്ഥിതിയല്ല നമുക്കുള്ളത്. ഇതു കാരണമാണ് ശ്രീധരന്‍ ആഗ്രഹിക്കുന്ന വേഗത്തില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാത്തത് -മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഡി.എം.ആര്‍.സി.യെ ഉള്‍പ്പെടുത്തിത്തന്നെ പദ്ധതി നടപ്പാക്കുമോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.

ശ്രീധരനെ ആദരിച്ചിട്ടേയുള്ളൂ. ഒരുപാട് തവണ താന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എറ്റവും ഒടുവില്‍ അദ്ദേഹം കാണണമെന്ന് താത്പര്യപ്പെട്ടപ്പോള്‍ കഴിഞ്ഞില്ലെന്നത് ശരിയാണ്. അടുത്തിടെയുണ്ടായ തിരക്കുകാരണമാണിത്. പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) ഒഴിവാകുന്നതായി ശ്രീധരന്‍ കത്തുനല്‍കിയപ്പോള്‍ കാണാമെന്നാണ് താന്‍ അറിയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രാനുമതിക്കായി ഇത്ര കാലമായിട്ടും സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ലെന്നാണ് കത്തില്‍ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു യോഗം ചേര്‍ന്നതു മാത്രമാണ് ഈ സര്‍ക്കാരെടുത്ത നടപടി.

ശ്രീധരനെയും ഡി.എം.ആര്‍.സി.യെയും ഒഴിവാക്കിയത് അഴിമതിക്കു വേണ്ടിയാണെന്നത് പരക്കെ ചര്‍ച്ചയായിട്ടുണ്ട്. മെട്രോയല്ല, മെട്രോമാനെയാണ് ഈ സര്‍ക്കാര്‍ ഓടിച്ചത്. കഴിഞ്ഞ 20 മാസത്തില്‍ ഇതുപോലെ ആസൂത്രിതമായി ഈ സര്‍ക്കാര്‍ മറ്റൊന്നും ചെയ്തിട്ടില്ല. മറ്റ് മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തെക്കാണാന്‍ കാത്തിരിക്കുമ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് അഞ്ചുമിനിറ്റ് അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? -രമേശ് ചോദിച്ചു.

തങ്ങള്‍ക്കുമാത്രം ബുദ്ധിയുണ്ടെന്ന് ധരിക്കുന്ന ചില ഉദ്യോഗസ്ഥരുടെ വാക്കുകേട്ടാണ് ശ്രീധരനെ ഒഴിവാക്കുന്നതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആയുഷ്‌കാലം ഈ കസേരയില്‍ ഇരുന്നാലും നമ്മുടെ ഉദ്യോഗസ്ഥരെക്കൊണ്ട് ലൈറ്റ് മെട്രോ നടപ്പാക്കാനാവില്ല. ശ്രീധരന്‍ തോറ്റുമടങ്ങിയ സ്ഥിതിക്ക് ഇനി കേരളത്തിലേക്ക് ഈ പദ്ധതിക്കായി ആരു വരുമെന്ന് മുരളീധരന്‍ ചോദിച്ചു.

ലാഭ-നഷ്ടം നോക്കാതെ ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും അശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികബാധ്യത കണക്കാക്കാന്‍ ധനസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കും. കേന്ദ്രാനുമതി കിട്ടുന്നതിനു മുമ്പാണ് മൂന്ന് മേല്‍പ്പാലങ്ങള്‍ക്ക് സ്ഥലമെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മിഷന്‍ദാഹികളായ ഉദ്യോഗസ്ഥരാണ് ശ്രീധരനെ ഓടിക്കുന്നതിനു പിന്നിലെന്നും മുഖ്യമന്ത്രി ഇതിന് കൂട്ടുനില്‍ക്കരുതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് അദ്ദേഹവും ഇറങ്ങിപ്പോയി. എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.