തിരുവനന്തപുരം: സാര്‍വദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന വിവിധ അസമത്വങ്ങള്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നും അവര്‍ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നിലവിലുണ്ടായിരുന്ന പദ്ധതികളില്‍നിന്നുതന്നെ കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാലേ സാമൂഹിക പുരോഗതിയുണ്ടാകുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017-ലെ വനിതാരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്തു. മൂന്നുലക്ഷം രൂപയുടേതാണ് പുരസ്‌കാരം.

സാമൂഹികസേവനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍, വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ലളിതാ സദാശിവന്‍, സാഹിത്യരംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്രരംഗത്തെ ജസ്റ്റിസ് ഫാത്തിമാ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍, ആരോഗ്യരംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് കെ. ശര്‍മ്മിള, മാധ്യമരംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് കൃഷ്ണകുമാരി എ, കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ് രജിതാ മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രീന്‍ അവാര്‍ഡ് രാധാമണി ടി. എന്നിവര്‍ ഏറ്റുവാങ്ങി.

ഇതോടൊപ്പം ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ക്കും മികച്ച അങ്കണവാടിക്കും ഉള്ള പുരസ്‌കാരങ്ങള്‍ നല്‍കി.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ, വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബാ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.