തിരുവനന്തപുരം: ഇപ്പോള്‍ െബന്യാമിന്‍ ചേട്ടന്‍ പറഞ്ഞപ്പോഴാണ് ആടുജീവിതം സിനിമയാക്കുന്നെന്നറിഞ്ഞത്- നജീബിന്റെ ഇരുണ്ടമുഖത്ത് ചിരിപടര്‍ന്നു. ബാക്കിയൊക്കെ ചേട്ടന്‍ പറയുമെന്നുപറഞ്ഞ് അടുത്തുനിന്ന െബന്യാമിന്റെ കൈപിടിച്ചു. ഇതോടെ വാചകം പൂര്‍ത്തിയാക്കേണ്ട ചുമതല െബന്യാമിന്റേതായി.

ആടുജീവിതം െബ്ലസി സിനിമയാക്കുന്നുവെന്നും നജീബിന്റെ റോളില്‍ എത്തുന്നത് പൃഥ്വിരാജാണെന്നും മാത്രം പറഞ്ഞ്‌ െബന്യാമിന്‍ വിഷയം മാറ്റി.

പ്രവാസ ദുരിതങ്ങള്‍ ഓര്‍മകളില്‍ നിറച്ച് ആടുജീവിതത്തിന്റെ കഥാകാരനും കഥാനായകനും വീണ്ടും കണ്ടുമുട്ടിയത് വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തിലായിരുന്നു. ലോക കേരള സഭയുടെ വേദിയില്‍ പ്രത്യേക ക്ഷണിതാക്കളായാണ്‌ െബന്യാമിനും ജീവിക്കുന്ന കഥാപാത്രമായ നജീബ് മുഹമ്മദും എത്തിയത്.

രാവിലെ മുതല്‍തന്നെ മാധ്യമങ്ങള്‍ ഇരുവരെയും വളഞ്ഞു. ഇടയ്ക്ക് കിട്ടിയ ഇടവേളയില്‍ ഇരുവരും ചില പേര്‍ഷ്യന്‍ വിശേഷങ്ങള്‍ പങ്കുെവച്ചു. അക്കൂട്ടത്തിലായിരുന്നു സിനിമാക്കാര്യവും.

വെറും ആടുജീവിതം നയിച്ച തനിക്ക് നിയമസഭാമന്ദിരത്തിലൊക്കെ കയറാന്‍ ഭാഗ്യം ലഭിച്ചത് നോവലിലെ നായകനായതോടെയാണെന്ന് നജീബ് പറഞ്ഞു. ആടുജീവിതങ്ങള്‍ ഇപ്പോഴുമുണ്ട്. സാമൂഹികമാധ്യമങ്ങളും മറ്റും വന്നതുകൊണ്ട് കുറെയൊക്കെ പുറത്തറിയുന്നുണ്ടെന്നും നജീബ് പറഞ്ഞു. ഇപ്പോള്‍ ബഹ്‌റൈനിലെ ഒരു സ്‌ക്രാപ് കമ്പനിയില്‍ ജോലിചെയ്യുന്ന നജീബിന് ഒരുവര്‍ഷം കൂടി വിസയുണ്ട്. തിരിച്ചെത്തിയാലും ഇവിടെ എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹരിപ്പാട് സ്വദേശിയായ അദ്ദേഹം.

ഞങ്ങള്‍ ഒന്നിച്ച് ഇടപെട്ട ഭൂമിയെക്കുറിച്ച് സംസാരിക്കാന്‍ കഥയ്ക്ക് കാരണമായ ആളും കഥാകൃത്തും എത്തിയെന്നത് വലിയകാര്യമായി കാണുന്നുവെന്ന് ബന്യാമിന്‍ പ്രതികരിച്ചു. നജീബിനെ വീണ്ടും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്. ഇതൊരു ചരിത്രസംഭവമാണ്. പ്രവാസി ജോലിക്കാരുടെ അനുഭവസമ്പത്ത് എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതും സര്‍ക്കാര്‍ ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.