തിരുവനന്തപുരം: ന്യായവിലയുടെ പകുതി അടച്ചാല്‍ 2008-ന് മുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്തിനല്‍കും. പൊതു ആവശ്യത്തിനെങ്കില്‍ ജില്ലാതല സമിതിയുടെയും സംസ്ഥാനതല സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വയല്‍ നികത്താന്‍ അനുമതി നല്‍കാം. അത്യന്താപേക്ഷിതമായ സാഹചര്യമാണെങ്കില്‍ പൊതു ആവശ്യത്തിന് നിയമം നോക്കാതെ നിലം നികത്തുന്നതിന് സര്‍ക്കാരിന് അനുമതി നല്‍കാം. 2008-ലെ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തില്‍ കാര്യമായി മാറ്റം വരുത്തുന്ന ഭേദഗതികളാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഡിനന്‍സായി ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് നിയമം നിലവില്‍വന്നു. ഗസറ്റ് വിജ്ഞാപനം ഉടന്‍ ഇറങ്ങും.

അടിസ്ഥാനനിയമം നിലവില്‍ വന്ന 2008-നുമുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ന്യായവിലയുടെ 25 ശതമാനം അടച്ചാല്‍ അവ ക്രമപ്പെടുത്തിനല്‍കാമെന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. എന്നാല്‍, അന്ന് ഇടതുമുന്നണി അതിനെ എതിര്‍ത്തു. ഇപ്പോള്‍ ന്യായവിലയുടെ 50 ശതമാനം അടച്ചാല്‍ 2008-നുമുന്‍പ് നികത്തിയ നിലങ്ങള്‍ ക്രമപ്പെടുത്തി അടിസ്ഥാന റവന്യൂരേഖയായ ബേസിക് ടാക്സ് രജിസ്റ്ററില്‍ (ബി.ടി.ആര്‍.) മാറ്റംവരുത്തിനല്‍കും. ഇങ്ങനെ നികത്തിയ സ്ഥലം 50 സെന്റില്‍ കൂടുതലുണ്ടെങ്കില്‍ അതിന്റെ 10 ശതമാനം സ്ഥലം ജലസംരക്ഷണത്തിനായി മാറ്റിവെയ്ക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

വീടുവെയ്ക്കുന്നതിന് മറ്റ് സ്ഥലമില്ലാത്തവര്‍ക്ക് അഞ്ചുസെന്റും മണ്ണിട്ടുനികത്താന്‍ അനുമതി നല്‍കും. ഇതിന് ജില്ലാതല സമിതിയാണ് അനുമതി നല്‍കേണ്ടത്. അഞ്ച് സെന്റില്‍ കൂടുതല്‍ ഇതിനായി സമിതി ശുപാര്‍ശചെയ്യരുത്.

തരിശ്ശായിക്കിടക്കുന്ന വയലുകളില്‍ കൃഷിയിറക്കണമെന്ന് പ്രാദേശികസമിതിക്ക് ഉടമസ്ഥനോട് നിര്‍ദേശിക്കാം. കൃഷിയിറക്കിയില്ലെങ്കില്‍ ആര്‍.ഡി.ഒ.യ്ക്ക് ഇടപെടാം. പരമാവധി രണ്ടുവര്‍ഷത്തേക്ക് കൃഷിചെയ്യാന്‍ ഈ സ്ഥലം ആര്‍.ഡി.ഒ.യ്ക്ക് ലേലത്തില്‍ നല്‍കാം. ഇതില്‍നിന്ന് കൃഷിയിറക്കുന്നവര്‍ക്കുള്ള 10 ശതമാനം തുകയും നികുതിയും കിഴിച്ച് ബാക്കി തുക സ്ഥലമുടമയ്ക്ക് നല്‍കും. കൃഷിക്കായി സ്ഥലം ലേലത്തില്‍ നല്‍കാനുള്ള ആര്‍.ഡി.ഒ.യുടെ തീരുമാനം ഉടമസ്ഥന് ജില്ലാ കോടതിയില്‍ ചോദ്യംചെയ്യാമെന്നതിനാല്‍ ഈ വകുപ്പ് അത്ര പ്രായോഗികമാകില്ലെന്നാണ് കണക്കാക്കുന്നത്.

പൊതു ആവശ്യമെന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന പദ്ധതി സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പദ്ധതി എന്നാണ് പൊതു ആവശ്യം എന്നതിന്റെ നിര്‍വചനം. പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി. പൊതു ആവശ്യത്തിനായി നിലം നികത്തുന്നതിന് അപേക്ഷ നല്‍കിയാല്‍ ഒരുമാസത്തിനകം ജില്ലാതലസമിതി സംസ്ഥാനതല സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇതിന്മേല്‍ സംസ്ഥാനതലസമിതി രണ്ടുമാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. ഈ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുന്നില്ലെങ്കില്‍ സര്‍ക്കാരിന് മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി റിപ്പോര്‍ട്ട് വാങ്ങി അതിന്മേല്‍ തീരുമാനമെടുക്കാം.

സ്വകാര്യ സംരംഭങ്ങളും പൊതു ആവശ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നതാണ് ഇതിനെതിരേയുള്ള വിമര്‍ശനം. ജില്ലാതല, സംസ്ഥാനതല സമിതികളുടെ റിപ്പോര്‍ട്ട് എതിരാണെങ്കിലും അത് തള്ളി സര്‍ക്കാരിന് മറിച്ചൊരു തീരുമാനമെടുക്കാമെന്ന വിമര്‍ശനവും ഉയരുന്നു. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി വന്‍കിടക്കാര്‍ കൂടുതല്‍ ഭൂമി നികത്തിയെടുക്കാന്‍ ഈ വകുപ്പുകള്‍ ദുരുപയോഗിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അടിയന്തര സാഹചര്യത്തില്‍ നിയമം മാറിനില്‍ക്കും

പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കില്‍ നിലം നികത്താന്‍ അനുമതി നല്‍കുന്നതിന് സര്‍ക്കാരിന് നിയമം ബാധകമല്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതിനായി പൊതു ആവശ്യമെന്താണെന്ന് ഗസറ്റില്‍ വിജ്ഞാപനം ചെയ്താല്‍ മതിയാകും. നിലവില്‍ ഗെയ്ല്‍ അടക്കമുള്ള വന്‍കിട പദ്ധതികള്‍ക്ക് സ്ഥലം എടുക്കാനാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയതെന്ന് കരുതുന്നു.