തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേയുള്ള ഡോക്ടര്‍മാരുടെ സമരം രോഗികളെ ദുരിതത്തിലാക്കി. സ്വകാര്യ ആസ്​പത്രികളിലും ഡോക്ടര്‍മാര്‍ ഒ.പി. ബഹിഷ്‌കരിച്ചു. സര്‍ക്കാര്‍ ആസ്​പത്രികളിലും മെഡിക്കല്‍ കോളേജുകളിലും പുതുതായെത്തിയ രോഗികളെ രാവിലെ പത്തിനുശേഷമാണ് ഡോക്ടര്‍മാര്‍ കണ്ടത്. അത്യാഹിത, കിടത്തിച്ചികിത്സാ വിഭാഗങ്ങളെ സമരം ബാധിച്ചില്ല.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 90 ശതമാനം ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുത്തതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. വൈകുന്നേരത്തോടെ ആസ്​പത്രിപ്രവര്‍ത്തനം സാധാരണ നിലയിലായെങ്കിലും പലയിടത്തും ഉച്ചയ്ക്കുശേഷമുള്ള ഒ.പി.യില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. സമരം അവസാനിച്ചതിനാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് തടസ്സമുണ്ടായില്ല. എല്ലാ മെഡിക്കല്‍ കോളേജുകളിലും കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഒരുമണിക്കൂര്‍ ഒ.പി.യില്‍നിന്ന് വിട്ടുനിന്നു. മറ്റു ചികിത്സകളെ സമരം ബാധിച്ചില്ല. ഒ.പി. വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ രോഗികളുടെ എണ്ണം കുറവായിരുന്നു.

സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.ഒ.എ., കെ.ജി.എസ്.ഡി.എ., മെഡിക്കല്‍ അധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. എന്നിവയും സമരത്തില്‍ പങ്കുചേര്‍ന്നു.

തിരുവനന്തപുരം ജനറല്‍ ആസ്​പത്രിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പുറത്തിറക്കി. പനി ബാധിച്ചെത്തിയ സ്ത്രീ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറാവാത്തതില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.