തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി മുമ്പില്‍ കാണുന്ന സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സാമ്പത്തികനിയന്ത്രണം ഏറ്റെടുക്കുന്നു. സര്‍വകലാശാലകള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്തിരുന്ന പദ്ധതിയേതര വിഹിതത്തിലെ ഇടപാടുകള്‍ ഇനി മുതല്‍ ട്രഷറി വഴിയായിരിക്കും നടത്തുക. കേരള സര്‍വകലാശാലയില്‍ മാറ്റങ്ങള്‍ ജനുവരി മുതല്‍ നടപ്പായി. മറ്റ് സര്‍വകലാശാലകളില്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

സര്‍വകലാശാലകളില്‍ ചെറിയ തുകയുടെ വിനിമയം പോലും സര്‍ക്കാര്‍ അറിഞ്ഞേ ചെയ്യാവൂ എന്നതാണ് ഇതിലൂടെ വരുന്ന മാറ്റം. ഇത് സര്‍വകലാശാലകളുടെ സാമ്പത്തിക സ്വയംഭരണത്തെ ബാധിക്കും. സര്‍വകലാശാലകളുടെ ബില്‍ മാറുന്നതിനെയും ട്രഷറി നിയന്ത്രണം ബാധിക്കും.

ശമ്പളം, പെന്‍ഷന്‍, പരീക്ഷാ നടത്തിപ്പ് അടക്കമുള്ള അക്കാദമിക കാര്യങ്ങള്‍, വികസന പ്രവര്‍ത്തനം എന്നിവയ്‌ക്കെല്ലാംകൂടി സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റാണ് പദ്ധതിയേതര ഫണ്ട്. ആകെയുള്ള ചെലവില്‍നിന്ന് സര്‍വകലാശാലകളുടെ തനത് വരുമാനം കിഴിച്ച് ബാക്കി തുകയാണ് ഇങ്ങനെ നല്‍കുക. വര്‍ഷാവര്‍ഷം 10 ശതമാനം വര്‍ധനയുമുണ്ട്.

വിവിധ സര്‍വകലാശാലകള്‍ക്കായി സര്‍ക്കാര്‍ മാറ്റിവെച്ച 400 കോടിയില്‍പരം രൂപയില്‍ 75 ശതമാനവും പദ്ധതിയേതര വിഹിതമാണ്. ഈ തുക സര്‍വകലാശാലാ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് നിലവിലെ രീതി. ഇതിനുപകരം സര്‍വകലാശാല നല്‍കുന്ന നിര്‍ദേശമനുസരിച്ച് പണം നല്‍കുന്നയാളിന് ട്രഷറിയില്‍നിന്ന് നേരിട്ട് തുക നല്‍കുന്നതാണ് പുതിയ സമ്പ്രദായം.

സര്‍വകലാശാലകളില്‍ തസ്തിക നിര്‍മിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് നേരത്തേതന്നെ നിര്‍ദേശമുണ്ട്. അനധ്യാപക നിയമനം പി.എസ്.സി.ക്ക് വിട്ടു. ഇതിന് പുറമേയാണ് സാമ്പത്തിക നിയന്ത്രണവും. അധ്യാപക നിയമനം മാത്രമാണ് സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ ശേഷിക്കുന്നത്.

ഭരണപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നഷ്ടമാകുന്നത് അക്കാദമിക സ്വയംഭരണത്തെ ദോഷകരമായി ബാധിക്കും. സര്‍വകലാശാലകള്‍ക്ക് ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപ തുകയും ട്രഷറിയിലേക്ക് മാറ്റുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

നല്‍കിയിരുന്നത് കള്ളക്കണക്ക്

സര്‍വകലാശാലകളില്‍ ട്രഷറി നിയന്ത്രണം വരുന്നതോടെ സര്‍ക്കാര്‍ ഗ്രാന്റില്‍ ഗണ്യമായ കുറവ് വരും. സര്‍ക്കാര്‍ നല്‍കുന്ന പണത്തില്‍ 60-70 ശതമാനം മാത്രമേ സര്‍വകലാശാലകള്‍ക്ക് യഥാര്‍ഥത്തില്‍ ചെലവാകൂ. ബാക്കി തുക സര്‍കവലാശാലാ ഫണ്ടില്‍നിന്ന് പലപ്പോഴും വകമാറ്റിയും മറ്റും ചെലവഴിക്കാറുണ്ട്.

ചെലവ് സംബന്ധിച്ച് സര്‍വകലാശാലകള്‍ പെരുപ്പിച്ച കണക്കുകളാണ് ധനവകുപ്പിന് കാലങ്ങളായി നല്‍കുന്നത്. അനുവദിക്കപ്പെട്ട തസ്തികകളില്‍ ഒഴിവുണ്ടാകും. ലക്ഷ്യമിടുന്ന വികസനപ്രവര്‍ത്തങ്ങള്‍ക്കും പണം ചെലവിടുന്നുണ്ടാകില്ല. പണം ട്രഷറിയിലേക്ക് മാറുന്നതോടെ യഥാര്‍ഥ ചെലവ് സര്‍ക്കാരിന് കൃത്യമായി അറിയാനാകും. തുടര്‍ വര്‍ഷങ്ങളിലേക്കുള്ള ഗ്രാന്റ് അതനുസരിച്ചാകുമ്പോള്‍ തുകയില്‍ കാര്യമായ കുറവ് വരും.

സര്‍വകലാശാലകള്‍ ഫലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളായി മാറും.

സര്‍ക്കാരിന് അധികാരമില്ല

സര്‍വകലാശാലകളുടെ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി സാമ്പത്തിക ഇടപാടുകളെല്ലാം ട്രഷറി വഴിയാക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അക്കാദമിക്, പരീക്ഷാപ്രവര്‍ത്തനങ്ങളും മറ്റും സ്തംഭിക്കാനേ ഇത് ഇടവരുത്തൂ. ഇത്രകാലവും സ്വയംഭരണത്തെക്കുറിച്ച് സംസാരിച്ചിരുന്നവര്‍തന്നെ നിയന്ത്രണം കൊണ്ടുവരുന്നെന്നതും വൈരുധ്യമാണ്. -എന്‍.എല്‍. ശിവകുമാര്‍.

ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ്