തിരുവനന്തപുരം: ഡെപ്യൂട്ടികളക്ടര്‍ നിയമനത്തിന് ഭിന്നശേഷിക്കാരുടെ ഊഴം അംഗീകരിക്കുന്നതില്‍ പി.എസ്.സി. തടസ്സംനില്‍ക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ച് റവന്യൂവകുപ്പ് ഭിന്നശേഷിക്കാര്‍ക്കായി രണ്ട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒന്നിലേക്കുമാത്രം നിയമനശുപാര്‍ശ അയക്കാനാണ് പി.എസ്.സി.യുടെ നീക്കം. അതിനായി 2008 മുതലുള്ള നിയമനക്കണക്കും വിവരാവകാശത്തിനുള്ള മറുപടിയില്‍ പി.എസ്.സി. നല്‍കിയിട്ടുണ്ട്.

കേന്ദ്ര വിജ്ഞാപനപ്രകാരം 1996 മുതലാണ് ഭിന്നശേഷിക്കാര്‍ക്ക് മൂന്നുശതമാനം ഒഴിവുകള്‍ മാറ്റിവെച്ചത്. ആ വര്‍ഷംമുതല്‍ കണക്കാക്കുമ്പോള്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ 33 നിയമനങ്ങള്‍ ഇതിനകം നടത്തിയതായി പി.എസ്.സി. തന്നെ സമ്മതിക്കുന്നുണ്ട്. അതനുസരിച്ച് 1, 34 ക്രമങ്ങളിലായി ഭിന്നശേഷിക്കാര്‍ക്ക് രണ്ട് ഒഴിവുകളില്‍ നിയമനം നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചാണ് ഭിന്നശേഷിക്കാര്‍ക്കായിമാത്രം ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യിച്ചത്. കോടതിവിധിയുണ്ടായിട്ടും നിയമനശുപാര്‍ശ നല്‍കാതെ പി.എസ്.സി. ഒഴികഴിവ് പറയുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

ക്ലാസ് 1, 2 തസ്തികകളില്‍ പി.എസ്.സി. വഴിയാണ് ഭിന്നശേഷിക്കാരുടെ സംവരണ ഒഴിവുകള്‍ നികത്തുന്നത്. ക്ലാസ് 3, 4 തസ്തികകളിലെ ഭിന്നശേഷി നിയമനമാണ് 2008 മുതല്‍ പി.എസ്.സി.ക്ക് കൈമാറിയത്. ഇത് മറച്ചുവെച്ചാണ് ഡെപ്യൂട്ടികളക്ടര്‍ക്കും 2008 മുതലുള്ള ഭിന്നശേഷി നിയമനത്തിന്റെ കണക്ക് പി.എസ്.സി. ഉന്നയിക്കുന്നത്. ഇത് കേന്ദ്ര നിയമത്തിന് എതിരാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

മുനിസിപ്പല്‍ സെക്രട്ടറിയുടെ 1996 മുതലുള്ള ഒഴിവുകള്‍ കണക്കാക്കി ഇതിനുമുന്‍പ് പി.എസ്.സി. ഭിന്നശേഷിക്കാര്‍ക്ക് മൂന്നുശതമാനം നിയമനം നല്‍കിയിട്ടുണ്ട്. ആ രീതി ഡെപ്യൂട്ടി കളക്ടര്‍ക്കും സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കോടതിവിധിയനുസരിച്ചുള്ള നിയമനശുപാര്‍ശയായതിനാല്‍ വിഷയം ലിറ്റിഗേഷന്‍ ഉപസമിതിയുടെ പരിഗണനയിലാണെന്ന് പി.എസ്.സി. വിശദീകരിച്ചു. പുതിയ ഒഴിവുകളായാണ് റവന്യൂവകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. കേഡര്‍ സ്‌ട്രെങ്ത് കണക്കാക്കിയാണ് ഭിന്നശേഷിസംവരണം അനുവദിക്കുന്നത്. ഡെപ്യൂട്ടികളക്ടറുടെ കേഡര്‍ സ്‌ട്രെങ്ത് സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയിട്ടില്ലെന്നും പി.എസ്.സി. അധികൃതര്‍ അറിയിച്ചു.