തിരുവനന്തപുരം: കേരള സര്‍ക്കാര്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നു. ഇസഡ് പ്ലസ് സുരക്ഷാവിഭാഗത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കും സംസ്ഥാനത്തെത്തുന്ന അതീവസുരക്ഷ ആവശ്യമുള്ളവര്‍ക്കും ഉപയോഗിക്കുന്നതിനാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കണമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ഉപദേശിച്ചതായി അറിയുന്നു.

ഇപ്പോള്‍ കേരളാ പോലീസിന്റെ കൈവശം ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മൂന്ന് ടാറ്റസഫാരി കാറുകളുണ്ട്. പുതുതായി വാങ്ങുന്നത് മിറ്റ്‌സുബിഷി പജേറോ കാറുകളാണ്. മിക്ക സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ ഉപയോഗിക്കുന്നത് ബുള്ളറ്റ് പ്രൂഫ് കാറുകളാണ്. ഇസഡ് പ്ലസ് സുരക്ഷാ മാനദണ്ഡങ്ങള്‍പ്രകാരം മുഖ്യമന്ത്രിമാര്‍ ഇത്തരം കാറുകള്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. കേരളത്തില്‍ മുഖ്യമന്ത്രിമാര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാറില്ല.

ഇപ്പോള്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള മൂന്ന് കാറുകളും കേരളം സന്ദര്‍ശിക്കുന്ന ഇസഡ് പ്ലസ് സുരക്ഷ ആവശ്യമുള്ള പ്രമുഖരുടെ യാത്രകള്‍ക്കാണ് ഉപയോഗിക്കുന്നത്. ഈ കാറുകളില്‍ രണ്ടെണ്ണം ഇപ്പോള്‍ കൊച്ചിയിലും ഒരെണ്ണം തിരുവനന്തപുരത്തുമാണുള്ളത്. പുതുതായി വാങ്ങുന്ന കാറുകള്‍ തിരുവനന്തപുരത്തായിരിക്കും ഉപയോഗിക്കുക.