തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്കായി പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ജില്ലാ ലേബര്‍ ഓഫീസറുമായി ചര്‍ച്ച നടത്തി.

ഇടക്കാലാശ്വസം നല്‍കുന്നത് തങ്ങളുടെ സംഘടനകളുമായി ആലോചിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഇത് പരിഗണിച്ച് തുടര്‍ചര്‍ച്ച 20-ലേക്ക് മാറ്റി. ആ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ജില്ലാ ലേബര്‍ ഓഫീസര്‍ സത്യരാജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വേതന പരിഷ്‌കരണം കോടതി നടപടികളിലും മറ്റുമായി അനിശ്ചിതമായി നീളുകയാണ്. ഏറ്റവുമൊടുവില്‍ സുപ്രീംകോടതി ഉത്തരവ് നഴ്‌സുമാര്‍ക്ക് അനുകൂലമായി വന്നിട്ടുണ്ടെങ്കിലും ശമ്പളപരിഷ്‌കരണം പൂര്‍ണമായും നടപ്പാക്കാന്‍ കാലതാമസം വരുമെന്നാണ് അസോസിയേഷന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ലാബുകള്‍ പ്രകാരം 8,000 മുതല്‍ 16,000 രൂപ വരെ നിശ്ചയിച്ച് ഇടക്കാലാശ്വാസം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ അക്കാര്യം സമ്മതിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറായില്ല. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനകളുമായി കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നാണ് അവര്‍ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ചര്‍ച്ച 20 ലേക്ക് മാറ്റിയത്. എന്നാല്‍ പുതുക്കിയ ശമ്പളം കിട്ടണമെന്ന നിലപാടിലുറച്ചു നില്‍ക്കുന്നതിനാല്‍ തങ്ങള്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.