തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് അഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. ശബരിമല തീര്‍ഥാടനം തുടങ്ങാനിരിക്കെ നിലവിലെ ബോര്‍ഡിനെ പിരിച്ചുവിടുന്നത് മുന്നൊരുക്കങ്ങളെ ബാധിക്കും. തീര്‍ഥാടനം അട്ടിമറിക്കാനേ ഇത് ഉപകരിക്കൂ.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ഏറ്റെടുത്തതിനുശേഷം തിരുവിതാംകൂര്‍ ദേവസ്വത്തെയും കൈപ്പിടിയിലാക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഹൈക്കോടതിയും കെ.പി. ശങ്കരന്‍ നായര്‍ കമ്മിഷനും ക്ഷേത്രഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നും അതിന്റെ പരമാധികാരം നിലനിര്‍ത്തണമെന്നും വ്യക്തമാക്കിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണം നടത്തി ഭരണത്തില്‍ ഭക്തജനപങ്കാളിത്തം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.