തിരുവനന്തപുരം: സര്‍ക്കാര്‍സ്ഥലം കൈയേറിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദമേറി.
 
കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാരിലെ മന്ത്രിമാരുടെ പേരില്‍ ദ്രുതപരിശോധനയ്ക്ക് ഉത്തരവുണ്ടായപ്പോഴെല്ലാം എല്‍.ഡി.എഫ്. രാജിയാവശ്യം ഉയര്‍ത്തിയിരുന്നു. പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടാണ് ഭരണപക്ഷത്തുള്ള സി.പി.െഎ.ക്കുള്ളത്.

ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ത്തന്നെ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റമടക്കമുള്ള നിയമലംഘനങ്ങള്‍ തെളിഞ്ഞെന്ന് സി.പി.ഐ. ചൂണ്ടിക്കാട്ടുന്നു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമലംഘനവും കായല്‍ കൈയേറ്റവും സ്ഥിരീകരിക്കുന്നുമുണ്ട്.

മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം, ലേക്ക് പാലസ് റിസോര്‍ട്ടിനോടുചേര്‍ന്ന് സര്‍ക്കാര്‍ഭൂമി കൈയേറിയത്, പാര്‍ക്കിങ്ങിനായി സ്ഥലം മണ്ണിട്ടുനികത്തിയതും കായലില്‍ ബോയെ ഇട്ട് ഗതാഗതം തടഞ്ഞ് അവകാശം സ്ഥാപിച്ചതും അടക്കമുള്ള നിയമലംഘനങ്ങളാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
 
കായല്‍ കൈയേറിയതിനും സര്‍ക്കാര്‍ഭൂമി നികത്തി കൈവശപ്പെടുത്തിയതിനും കേസ് എടുക്കാവുന്നതാണെന്ന കുറിപ്പോടെയാണ് റവന്യൂമന്ത്രി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്.

കളക്ടറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി കണ്ടെത്തിയ നിയമലംഘനങ്ങളും അതിന്മേല്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും ചൂണ്ടിക്കാട്ടിയാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
 
ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും തോമസ് ചാണ്ടിക്കെതിരേ നിയമനടപടി വേണമെന്നുമുള്ള കര്‍ശനനിലപാടാണ് സി.പി.ഐ. ഇതുവഴി മുന്നോട്ടുവയ്ക്കുന്നത്.

കൈയേറ്റവും നിയമലംഘനവും ഉണ്ടെന്ന കളക്ടറുടെ റിപ്പോര്‍ട്ട് ഇരിക്കെ അതിന്മേല്‍ നിയമോപദേശത്തിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, സമയത്തിന്റെ ആനുകൂല്യം ലഭിക്കാനാണ് ഇതിന്മേല്‍ നിയമോപദേശം തേടിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കോടതിയിലും എ.ജി.യുടെ നിയമോപദേശം ലഭിക്കുന്നതുവരെ സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചിരുന്നു.

മന്ത്രിയെന്നനിലയില്‍ നടത്തിയ നിയമലംഘനമല്ലല്ലോയെന്ന ന്യായമാണ് ഇതുവരെ സി.പി.എം. നേതാക്കള്‍ അനൗപചാരികമായി ഉയര്‍ത്തിയത്. എന്നാല്‍, ഇനി ആ ന്യായം പറയാന്‍ പറ്റില്ല. കോടതിവിധിയെത്തുടര്‍ന്ന് സാഹചര്യം ഗൗരവം എന്നാണ് കാനം പ്രതികരിച്ചത്.

ഇതിനിടെ സി.പി.ഐ. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരേ തോമസ് ചാണ്ടി രംഗത്തുവന്നതും രാഷ്ട്രീയമായി അദ്ദേഹത്തെ ദുര്‍ബലപ്പെടുത്തുന്നു. കാനത്തിന്റെ ജനജാഗ്രതായാത്രയില്‍ത്തന്നെ ചെന്ന് കാനത്തിന് മറുപടിനല്‍കാന്‍ ശ്രമിച്ചതിന്റെ അപകടം നില്‍ക്കുമ്പോഴാണ് സുധാകര്‍ റെഡ്ഡിക്കെതിരേ തോമസ് ചാണ്ടി മറുപടിയിലൂടെ ആരോപണം ഉന്നയിച്ചത്. മന്ത്രിയെ വഴിതടയാനുള്ള തീരുമാനത്തിലാണ് എ.ഐ.വൈ.എഫ്.

മുന്നണിരാഷ്ട്രീയം കലങ്ങുന്നതിന് മുമ്പുതന്നെ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സി.പി.എമ്മിന് ഒരു തീരുമാനം എടുക്കേണ്ടിവരും. ദ്രുതപരിശോധനയ്ക്ക് 45 ദിവസം സമയം ലഭിക്കും. അതുവരെ മന്ത്രി തുടരട്ടെയെന്ന നിലപാടും സി.പി.എമ്മിന് സ്വീകരിക്കാം. എന്നാല്‍, മന്ത്രിസ്ഥാനത്ത് തുടരുമ്പോള്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമോയെന്ന ചോദ്യം ഉയര്‍ത്തിയാകും പ്രതിപക്ഷം അതിനെ നേരിടുക.