തിരുവനന്തപുരം: കെ.പി.സി.സി. അംഗത്വപ്പട്ടിക നീളുന്നു. പട്ടിക വൈകുന്നതനുസരിച്ച് എതിര്‍പ്പും ശക്തമാകുന്നു. ആദ്യമുയര്‍ന്ന എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സംസ്ഥാന നേതൃത്വം പട്ടിക പുതുക്കിനല്‍കിയെങ്കിലും അത് വീണ്ടും പൊളിക്കേണ്ട സ്ഥിതിയാണിപ്പോള്‍.

വി.എം. സുധീരന്‍, കെ. മുരളീധരന്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ നേതാക്കളുടെ എതിര്‍പ്പാണ് പരിഹരിക്കാനുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങളെ ചൊല്ലിയാണ് എതിര്‍പ്പെങ്കിലും അവ തീര്‍ക്കാനാകുന്നില്ല.

രാഷ്ട്രീയകാര്യസമിതി യോഗംവിളിച്ച് തര്‍ക്കമുള്ള ബ്ലോക്കുകളില്‍നിന്നുള്ളവരെ നിശ്ചയിക്കണമെന്ന ആവശ്യം സുധീരനടക്കം മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് അത് സ്വീകാര്യമല്ല.

ഗ്രൂപ്പ് നേതൃത്വം അംഗീകരിച്ച പേരുകള്‍ അതേ ഗ്രൂപ്പിലെ ചില നേതാക്കള്‍ എതിര്‍ക്കുന്നതും തലവേദനയാണ്. ഗ്രൂപ്പുകള്‍ക്കതീതമായി നില്‍ക്കുന്നവര്‍ക്ക് സ്ഥാനം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പരാതി.

പട്ടിക വീണ്ടും തിരുത്തണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതോടെ ഇത് പുതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കമാന്‍ഡ് തന്നെ വേണ്ടമാറ്റം വരുത്തട്ടെയെന്ന നിലപാടിലാണ് സംസ്ഥാന നേതാക്കള്‍. 282 പേരാണ് കെ.പി.സി.സി. അംഗങ്ങളായുള്ളത്.

ഏതാനും ദിവസങ്ങള്‍ക്കകം പട്ടികയില്‍ തീരുമാനമായില്ലെങ്കില്‍ എ.ഐ.സി.സി. പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുന്നത് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാകും. ഇത് സംസ്ഥാന നേതൃത്വത്തിന് കടുത്ത ക്ഷീണമുണ്ടാക്കും.

ആഴ്ചകള്‍ ചര്‍ച്ചനടത്തിയിട്ടും സംസ്ഥാനത്തുനിന്ന് യോജിച്ച പട്ടികയ്ക്ക് രൂപംനല്‍കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കഴിയാത്തതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. കഴിഞ്ഞദിവസം കേരളത്തിലെത്തിയ എ.കെ. ആന്റണിയെ പ്രമുഖനേതാക്കള്‍ പുനഃസംഘടന സംബന്ധിച്ച തര്‍ക്കങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കുമെന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ.