തിരുവനന്തപുരം: കോവളം-കാസര്‍കോട് ദേശീയ ജലപാത 2020 മേയ് മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കേരള വാട്ടര്‍ വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ബോര്‍ഡിന്റെ ആദ്യയോഗം തീരുമാനിച്ചു. ജലപാത സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നല്‍കും.

പദ്ധതിക്കുവേണ്ടി വര്‍ക്കലയില്‍ 12 മീറ്റര്‍ വീതിയും ഏഴുമീറ്റര്‍ ഉയരവുമുള്ള തുരങ്കം നിര്‍മിക്കും. നിര്‍മാണ ചുമതല കൊങ്കണ്‍ റെയില്‍വേയെ ഏല്‍പ്പിക്കും. കൊല്ലം-കോവളം ഭാഗത്തെയും മാഹി-വളപട്ടണം ഭാഗത്തെയും വിശദ പദ്ധതി റിപ്പോര്‍ട്ട് ഡിസംബറില്‍ നാറ്റ്പാക് സമര്‍പ്പിക്കും.

നിലവിലുള്ള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്​പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മിക്കുന്നതിനുമാണ് പദ്ധതി. പദ്ധതിക്ക് ആദ്യഘട്ടത്തില്‍ 2300 കോടി രൂപ വേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. നിലവില്‍ ജലസേചനവകുപ്പ് ഏറ്റെടുത്ത കനാല്‍ ജോലികള്‍ 2019-ല്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു.

കമ്പനി ചെയര്‍മാന്‍ മുഖ്യമന്ത്രി യോഗത്തില്‍ അധ്യക്ഷനായിരുന്നു. കമ്പനി എം.ഡി.യായി സിയാല്‍ എം.ഡി. വി.ജെ. കുര്യനെ തിരഞ്ഞെടുത്തു. ജലവിഭവമന്ത്രി മാത്യു ടി. തോമസ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വി.ജെ. കുര്യന്‍, സിയാല്‍ ജനറല്‍ മാനേജര്‍ ജോസ് തോമസ്, കമ്പനി സെക്രട്ടറി സജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ്
സിയാലിനും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള (49 ശതമാനം വീതം) കമ്പനി. രണ്ടു ശതമാനം ഓഹരി മറ്റു ഏജന്‍സികള്‍ക്കോ നിക്ഷേപകര്‍ക്കോ നല്‍കും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് കമ്പനി ചെയര്‍മാന്‍.