തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്നശേഷം നിയമനം സംബന്ധിച്ച് തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലഭിച്ചു.

സെന്‍കുമാറിനൊപ്പം തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശചെയ്ത മുന്‍അഡീഷണല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരത്തിന് മാത്രം നിയമനം നല്‍കും. കേസുകള്‍ അവസാനിച്ചശേഷം സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കാം. ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനശുപാര്‍ശ കഴിഞ്ഞ ജൂണ്‍ 28-നാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനയച്ചത്.

സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ നിയമിക്കുന്നതിനോട് സംസ്ഥാനസര്‍ക്കാരിന് വിയോജിപ്പുണ്ടായിരുന്നു. സെന്‍കുമാറിനെ ഒഴിവാക്കി വീണ്ടും അപേക്ഷ ക്ഷണിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പാനല്‍ വിപുലീകരിക്കണമെന്നും ഇതിനായി ഗവര്‍ണറുടെ അനുമതി തേടണമെന്നുമായിരുന്നു മന്ത്രിസഭാ തീരുമാനം.

എന്നാല്‍, ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമനത്തില്‍ സര്‍ക്കാരിനു പരിമിതമായ അധികാരം മാത്രമേയുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവുള്ളതായി നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഈ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ കോടതിയെ സമീപിക്കുമെന്ന സൂചനയും ലഭിച്ചു. ഇതേത്തുടര്‍ന്നാണ് സമിതിയുടെ ശുപാര്‍ശ അതേപടി ഗവര്‍ണര്‍ക്ക് കൈമാറിയത്.

പ്രധാനമന്ത്രി തലവനായ നിയമനസമിതി അംഗീകരിച്ചശേഷം രാഷ്ട്രപതിയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗങ്ങളുടെ നിയമന ഉത്തരവ് പുറപ്പെടുവിക്കുക. അംഗങ്ങള്‍ക്ക് ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ പദവിയും ആനുകൂല്യങ്ങളുമുണ്ട്. ആറു വര്‍ഷത്തേക്കാണ് നിയമനം. ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്ക് 2010-ല്‍ 20 പേരാണ് അപേക്ഷിച്ചത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തനഗൗഡര്‍, പി.എസ്.സി. ചെയര്‍മാനായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

2016 മെയ് 25-നു അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ക്രമസമാധാനച്ചുമതലയുള്ള പോലീസ് മേധാവി പദത്തില്‍നിന്ന് സെന്‍കുമാറിനെ മാറ്റിയിരുന്നു. പുറ്റിങ്ങല്‍ ദുരന്തം, ജിഷവധം എന്നിവയുടെ അന്വേഷണത്തിലെ വീഴ്ചയുടെ പേരിലാണ് നടപടി എടുത്തത്. എന്നാല്‍, സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി നേടി അദ്ദേഹം പോലീസ് മേധാവി പദത്തില്‍ തിരിച്ചെത്തി.