തിരുവനന്തപുരം: വിവാദങ്ങള്‍കൊണ്ടും വ്യത്യസ്ത അവകാശവാദങ്ങള്‍കൊണ്ടും വാര്‍ത്തകളില്‍നിറഞ്ഞ ജനരക്ഷായാത്ര അവസാനിക്കുമ്പോള്‍ ബി.ജെ.പി. നേതൃത്വത്തിന് ആവേശത്തിനൊപ്പം ആശങ്കയും.

ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ തുടങ്ങി 17-ന് തിരുവനന്തപുരത്ത് അവസാനിച്ച യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നടന്ന വാക്‌പോരുകള്‍ ഒട്ടേറെ. അടുത്തകാലത്ത് ഒരു രാഷ്ട്രീയയാത്രയ്ക്കും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യം ഈ യാത്രക്കു കിട്ടിയെന്നത് പാര്‍ട്ടി നേതൃത്വത്തിന് ആവേശംനല്‍കും.

സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മുമായി ആശയപരവും കായികവുമായി സംഘര്‍ഷം നിലനിന്ന സാഹചര്യത്തിലാണ് യാത്ര പ്രഖ്യാപിച്ചത്. മെഡിക്കല്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള അടവായി യാത്രയെ സി.പി.എം. വ്യാഖ്യാനിച്ചു. രണ്ടുതവണ യാത്ര മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ രാഷ്ട്രീയസാഹചര്യത്തില്‍ മാറ്റമുണ്ടായി എന്നനിലയിലുള്ള വിലയിരുത്തലുകള്‍ പാര്‍ട്ടിയില്‍ത്തന്നെയുണ്ടായി.

'ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.എം. അക്രമത്തിനുമെതിരേ' എന്ന യാത്രാമുദ്രാവാക്യം തുടക്കത്തിലേ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായി. യാത്ര നടക്കുന്ന ദിവസങ്ങളിലെല്ലാം ഡല്‍ഹിയിലെ സി.പി.എം. ആസ്ഥാനത്തേക്ക് മാര്‍ച്ചുനടത്താനുള്ള തീരുമാനവും എതിര്‍മാര്‍ച്ച് നടത്താനുള്ള സി.പി.എം. തീരുമാനവും കേരളത്തിലെ സി.പി.എം. അക്രമങ്ങളെ ദേശീയശ്രദ്ധയിലെത്തിച്ചുവെന്നും അത് തങ്ങള്‍ക്ക് നേട്ടമായെന്നുമാണ് ബി.ജെ.പി. അവകാശവാദം.

അമിത് ഷായുടെ മകന്‍ ജെയ് ഷായ്‌ക്കെതിരായി ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്തായതും ബി.ജെ.പി. നേതൃത്വത്തെ യാത്രയ്ക്കിടെ പ്രതിരോധത്തിലാക്കി.

യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, ദേവേന്ദ്ര ഫട്‌നവിസ്, മനോഹര്‍ പരീക്കര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും അണിനിരത്തിയാണ് യാത്ര മുന്നേറിയത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വഴിമാറ്റി വേങ്ങരയിലൂടെ യാത്ര തിരിച്ചുവിട്ടിട്ടും സംഭവിച്ച വോട്ടുചോര്‍ച്ചയ്ക്ക് ബി.ജെ.പി.ക്ക് മറുപടിയില്ല.

യാത്രക്കിടെ ആദിത്യനാഥും പരീക്കറും പൊന്‍ രാധാകൃഷ്ണനുമൊക്കെ ഉയര്‍ത്തിയ വാദങ്ങള്‍ തിരിച്ചടിയായോ എന്ന ചിന്ത ബി.ജെ.പി.യിലുണ്ട്. മെഡിക്കല്‍ കോഴ വിവാദത്തില്‍ നടപടിനേരിട്ട മുന്‍ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ജാഥയില്‍ പങ്കെടുത്തത് വിവാദമാക്കാനുള്ള മറുപക്ഷത്തിന്റെ ശ്രമങ്ങള്‍ ഫലംകണ്ടില്ല.

കേന്ദ്രനേതാക്കളുടെ കൂട്ടത്തോടെയുള്ള വരവും കേരളത്തിനെതിരായ പ്രതികരണങ്ങളും തിരിച്ചടിയായെന്ന് അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. യു.പി.യിലെയും കേരളത്തിലെയും ആരോഗ്യമേഖലയെ താരതമ്യംചെയ്തുള്ള യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് തിരിച്ചടിയായത്.

എന്നാല്‍, ഹാദിയ എന്ന അഖിലയുടെ മതംമാറ്റവും വിവാഹവും സൃഷ്ടിച്ച വിവാദങ്ങള്‍ ബി.ജെ.പി.ക്ക് യാത്രക്കിടയില്‍ വീണുകിട്ടിയ വടിയായി. മതപരിവര്‍ത്തനത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി അനുഭാവികള്‍ക്കിടയിലെങ്കിലും അവതരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. മാറാട് സംഭവവും മലബാര്‍ കലാപവും വീണ്ടും രാഷ്ട്രീയവിഷയങ്ങളാക്കിനിര്‍ത്താനുള്ള ശ്രമവും യാത്രയില്‍ കണ്ടു.

കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണെങ്കിലും സി.പി.എം. ശക്തികേന്ദ്രങ്ങളിലൂടെ വന്‍ ജനപങ്കാളിത്തത്തോടെ പ്രകടനം നടത്താനായത് ചെറിയ കാര്യമായി ബി.ജെ.പി. കാണുന്നില്ല. യാത്രയുടെ തുടക്കവും ഒടുക്കവും അമിത് ഷായുടെ സാന്നിധ്യം നല്‍കിയ ആവേശവും ശ്രദ്ധിക്കപ്പെട്ടു. എന്‍.ഡി.എ.യിലെ പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. യാത്ര തുടങ്ങുമ്പോള്‍ ഒപ്പമില്ലായിരുന്നു. യാത്ര പുത്തരിക്കണ്ടത്തെത്തിയപ്പോഴേക്കും അവരെ ഒപ്പമെത്തിക്കാനായെന്നതും ബി.ജെ.പി. നേതാക്കള്‍ക്ക് സന്തോഷം നല്‍കും.