തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍നിന്നും സര്‍ക്കാര്‍ ആസ്​പത്രികളില്‍നിന്നും പുറത്തേക്ക് മരുന്നെഴുതി നല്‍കുന്നെന്ന പരാതിക്ക് പരിഹാരമാവുന്നു. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിലകൂടിയ 246 ഇനം മരുന്നുകള്‍കൂടി സര്‍ക്കാര്‍ ആസ്​പത്രികളിലെ ഫാര്‍മസികള്‍വഴി സൗജന്യ വിതരണത്തിനെത്തും. ഇക്കൊല്ലം മരുന്നുവാങ്ങാനുള്ള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പട്ടികയില്‍ മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച ഡോക്ടര്‍മാരുടെ വിദഗ്ധസമിതി നല്‍കിയ ശുപാര്‍ശ അനുസരിച്ചാണ് മരുന്നുകളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മരുന്ന് വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചു.

നിലവില്‍ ഇത്തരം മരുന്നുകളില്‍ പലതും മെഡിക്കല്‍ കോളേജുകളും മറ്റും നേരിട്ടുവാങ്ങി രോഗികള്‍ക്ക് നല്‍കുന്നുണ്ട്. ആസ്​പത്രികള്‍ നേരിട്ട് മരുന്നുവാങ്ങുന്നത് പലപ്പോഴും പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായിരുന്നു.

ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ മരുന്നുകള്‍കൂടി വിതരണത്തിനെത്തുന്നതോടെ ഇത്തരം പരാതികള്‍ ഇല്ലാതാവുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി പറഞ്ഞു. അടുത്തഘട്ടമായി കാന്‍സര്‍മരുന്നുകളും ഇത്തരത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു.

നിലവില്‍ 590 ഇനം അവശ്യമരുന്നുകളാണ് സര്‍ക്കാര്‍ ആസ്​പത്രികളിലെ വിതരണത്തിനായി മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വാങ്ങിനല്‍കുന്നത്. മരുന്നുകമ്പനികള്‍ ഇടയ്ക്കിടെ മരുന്നിലെ രാസഘടകങ്ങളില്‍ മാറ്റംവരുത്തുന്നതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന മരുന്ന് പലപ്പോഴും ലഭ്യമല്ലാതെ വരുന്നുണ്ട്. അതിന് പരിഹാരമായിട്ടുകൂടിയാണ് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ മരുന്നുകള്‍ പ്രത്യേകം വാങ്ങാന്‍ തീരുമാനിച്ചത്.
 
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പി. സമയം വൈകീട്ട് ആറുവരെ

ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ഒ.പി. സമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ നിശ്ചയിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരവരെയാകും ഒ.പി.

ആഴ്ചയില്‍ 36 മണിക്കൂറായിരിക്കും ഡോക്ടറുടെ ജോലിസമയമെന്നും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലി നിശ്ചയിച്ചിറക്കിയ ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍ 27 മണിക്കൂര്‍ ഒ.പി.യിലും ഒമ്പതുമണിക്കൂര്‍ ഫീല്‍ഡിലും ആയിരിക്കണം. നഴ്‌സുമാരുടെ ജോലിസമയം 8.30-4.30 വരെയും 10.30-6-30 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളായും നിശ്ചയിച്ചിട്ടുണ്ട്.