തിരുവനന്തപുരം: തടവുകാരുടെ ബാഹുല്യംമൂലം സംസ്ഥാനത്തെ ജയിലുകള്‍ വീര്‍പ്പുമുട്ടുന്നു. പരിധിയില്‍ കൂടുതല്‍ പേരെ പാര്‍പ്പിച്ചിരിക്കുന്നതുമൂലം തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഏറുന്നു.

കഴിഞ്ഞയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ രണ്ടു തടവുകാര്‍ തമ്മില്‍ത്തല്ലിയതിനുകാരണം കൂര്‍ക്കംവലിയാണ്. ഒരാളുടെ കൂര്‍ക്കംവലികാരണം സഹതടവുകാരന് ഉറങ്ങാനായില്ല. സഹികെട്ട് ഇയാള്‍ മറ്റേയാളെ കൈയേറ്റം ചെയ്തു. ഒപ്പമുണ്ടായിരുന്ന മറ്റ് തടവുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

തടവുകാരുടെ എണ്ണം കൂടിയതോടെ ഇവര്‍ തമ്മിലുള്ള സംഘര്‍ഷവും വര്‍ധിച്ചു. പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറത്തറിയാറില്ല. പുറത്തറിഞ്ഞാല്‍ പരോള്‍ ലഭിക്കാന്‍ തടസ്സമാകും.

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍

* 720 തടവുകാരെ പാര്‍പ്പിക്കാനുള്ള ശേഷി. ഉള്ളത് 1300 പേര്‍.

ഒരു തടവുകാരനുവേണ്ടിയുള്ള സെല്ലില്‍ ആറുപേര്‍. മൂത്രമൊഴിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഇതിനകത്തുതന്നെ. സെല്ലില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്നത് സാക്രമികരോഗം പകരാന്‍ ഇടയാക്കുന്നുണ്ട്. രാത്രി കിടക്കുമ്പോള്‍ ഒരാളുടെ കാല്‍ മറ്റൊരാളുടെ ദേഹത്ത് മുട്ടുന്നതും കൈ തട്ടുന്നതും അടിപിടിക്ക് കാരണം.

* ശിക്ഷിക്കപ്പെട്ട തടവുകാരെ പാര്‍പ്പിക്കുന്ന ബാരക്കില്‍ 35 പേര്‍. 20 പേരെ പാര്‍പ്പിക്കാന്‍ ശേഷി.

* 10 ശതമാനത്തോളം പേര്‍ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍. ഇവരും ഒറ്റസെല്ലില്‍.

സംസ്ഥാനത്താകെ

* 36 ജയിലുകള്‍. 6200 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യം. ഉള്ളത് 7621 പേര്‍. നാലായിരത്തോളം വിചാരണത്തടവുകാര്‍. ജയില്‍ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം.

കൂടുതല്‍ തിരുവനന്തപുരത്ത്

ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുള്ളത് തലസ്ഥാന ജില്ലയിലാണ്- 410 പേര്‍. ഏറ്റവും കുറവ് പത്തനംതിട്ടയില്‍- 59 പേര്‍. വനിതാ ജയിലുകള്‍ ഒഴിച്ചുള്ള ജയിലുകളിലെല്ലാം അനുവദനീയമായതിനേക്കാള്‍ കൂടുതലാണ് തടവുകാരുടെ എണ്ണം. അഞ്ച് ജയിലുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തൃശ്ശൂരില്‍ ഹൈ സെക്യൂരിറ്റി ജയില്‍, ഇരിങ്ങാലക്കുട, മലപ്പുറത്തെ തവന്നൂര്‍, ഇടുക്കിയിലെ മുട്ടം, പാലക്കാട്ടെ മലമ്പുഴ എന്നിവിടങ്ങളിലാണ് പുതിയ ജയിലുകള്‍ തുറക്കുന്നത്. ഇവിടെയെല്ലാം കൂടി 2500 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും.