തിരുവനന്തപുരം: എടവപ്പാതി പിന്‍വാങ്ങാന്‍ വൈകുന്നതിനാല്‍ കേരളത്തില്‍ വരുംദിവസങ്ങളിലും മഴതുടരും. തുലാവര്‍ഷം ഈ മാസം 15-ന് ശേഷമെത്തും. ഇത്തവണ തുലാവര്‍ഷവും മെച്ചപ്പെട്ടതാവുമെന്ന വിലയിരുത്തലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ 30 വരെ പെയ്യുന്ന മഴയാണ് എടവപ്പാതി(തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം)യുടെ കണക്കില്‍പ്പെടുത്തുന്നത്. ഒക്ടോബര്‍ ആദ്യവാരത്തോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങും. ഇത്തവണ കേരളത്തില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങാന്‍ പതിവിലുമേറെ വൈകുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്.സുദേവന്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് തുലാവര്‍ഷം ( വടക്കുകിഴക്കന്‍ കാലവര്‍ഷം) എത്തുന്നത്. എടവപ്പാതി പിന്‍വാങ്ങിയാല്‍ തുലാവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കും. എടവപ്പാതിയുടെ അവസാനഘട്ടത്തിലാണ് കേരളത്തില്‍ കൂടുതല്‍ മഴ കിട്ടിയത്. ഇതേ അന്തരീക്ഷ സാഹചര്യങ്ങള്‍ തുടരാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാണുന്നത്.

എടവപ്പാതി ചതിച്ചത് വയനാടിനെ

ഈ എടവപ്പാതിയില്‍ കേരളത്തിന് നല്ല മഴയാണ് കിട്ടിയത്. 203.9 സെന്റീമീറ്റര്‍ മഴ കിട്ടേണ്ടതില്‍ 185.7 സെന്റീമീറ്റര്‍ പെയ്തു. ആകെ 8.9 ശതമാനം മാത്രമാണ് കുറവ്. കഴിഞ്ഞവര്‍ഷം എടവപ്പാതിയില്‍ 34 ശതമാനം കുറവുണ്ടായിരുന്നു. ഇത്തവണ മഴകുറയുമെന്ന ആശങ്കയില്‍ കൃത്രിമമഴ പെയ്യിക്കാന്‍ വരെ സംസ്ഥാനം തയ്യാറെടുത്തിരുന്നു.

എന്നാല്‍ ഇത്തവണയും വയനാട് ജില്ലയില്‍ മഴ വന്‍തോതില്‍ കുറഞ്ഞു. ഇവിടെ 37.22 ശതമാനമാണ് കുറവ്. കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ അധികം മഴ കിട്ടി.