തിരുവനന്തപുരം: കേരളസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവതിന്റെ ആരോപണം കേരളീയരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്ച മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശത്തിന് ഫെയ്‌സ്ബുക്കിലൂടെയാണ് പിണറായിയുടെ പ്രതികരണം.

സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി കേരളം ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന് പറഞ്ഞതിലൂടെ എന്താണുദ്ദേശിക്കുന്നത് എന്ന് ആര്‍.എസ്.എസ്. മേധാവി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് ഈ നാടിന്റെ ശക്തി.
 
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിത്. സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെയും കേരളീയന്റെയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യപോരാട്ടത്തോട് പുറംതിരിഞ്ഞു നില്‍ക്കുകയും സാമ്രാജ്യസേവ നടത്തുകയുംചെയ്ത പാരമ്പര്യമുള്ള ആര്‍.എസ്.എസിന്റെ തലവന്‍, കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ല.

വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുക. എത്ര വലിയ വര്‍ഗീയശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപടിയെടുക്കും. ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരേ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടും -പിണറായി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.