തിരുവനന്തപുരം : തീരദേശം തെക്ക്-വടക്ക് അതിരിടുന്ന കേരളത്തിന് കാറ്റാടിയന്ത്രത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് കൂടുതല്‍ അഭികാമ്യമെന്ന് അമേരിക്കന്‍ സംസ്ഥാനങ്ങളിലെ നിയമനിര്‍മാണ സഭകളുടെ ഡെപ്യൂട്ടി സ്​പീക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്തതും ചെലവ് കുറവുമായ ഇത്തരം പദ്ധതി വിജയകരമായി നടത്തുന്ന കമ്പനികള്‍ അമേരിക്കയിലുണ്ട്.

തീരദേശ സംസ്ഥാനമായ റോഡ് ഐലന്‍ഡില്‍ കാറ്റാടി യന്ത്രത്തിന്റെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് വിജയകരമായി നടപ്പാക്കുന്നു. ഗാര്‍ഹിക, വ്യവസായമേഖലകളില്‍ ഈ വൈദ്യുതിയാണ് അവിടെ ഉപയോഗിക്കുന്നത്-റോഡ് ഐലന്‍ഡിലെ ഡെപ്യൂട്ടി സ്​പീക്കര്‍ പാട്രിക് കെന്നഡി പറഞ്ഞു. മിസിസിപ്പി സംസ്ഥാനത്തെ ഡെപ്യൂട്ടി സ്​പീക്കര്‍ ഗ്രെഗ് സ്‌നൊഡനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇന്ത്യയുമായുള്ള വ്യവസായ, വിദ്യാഭ്യാസ സഹകരണം തേടിയെത്തിയ ഇവര്‍ മുംെബെ, ഡല്‍ഹി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് സമുദ്രഗവേഷണ സ്ഥാപനം തുടങ്ങുന്നതിനുള്ള സഹകരണം ശശി തരൂര്‍ എം.പി. നടത്തിയിരുന്നു. തീരദേശ സംസ്ഥാനമായതിനാല്‍ റോഡ് ഐലന്‍ഡിന് ഇക്കാര്യത്തില്‍ മുന്‍തൂക്കമുണ്ട്. അവിടത്തെ മികച്ച സമുദ്രഗവേഷണ സ്ഥാപനങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കും. മിസിസിപ്പിയില്‍ നിന്ന് വ്യവസായികള്‍ അടങ്ങുന്ന സംഘം സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

കേരള നിയമസഭാ സ്​പീക്കറെയും അവര്‍ കാണുന്നുണ്ട്. കേന്ദ്ര സര്‍വകലാശാലാ തിരുവനന്തപുരം ആസ്ഥാനത്ത് കുട്ടികളുമായി അവര്‍ സംവദിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ മികച്ച പ്രവര്‍ത്തന മാതൃകകളും അവര്‍ സന്ദര്‍ശിക്കും.