തിരുവനന്തപുരം: സംസ്ഥാന ഐ.പി.എസ്. അസോസിയേഷന്‍ നേതൃത്വത്തിനെതിരായ അതൃപ്തി ഐ.പി.എസ്. ഉദ്യോഗസ്ഥരില്‍ രൂക്ഷമാകുന്നതിനിടെ, അസോസിയേഷന്‍ സെക്രട്ടറിസ്ഥാനം ഐ.ജി. മനോജ് എബ്രഹാം രാജിവെച്ചു. രാജിക്കത്ത് ശനിയാഴ്ചയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയത്.

അസോസിയേഷന്‍ യോഗം അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന് ജൂനിയര്‍ ഐ.പി.എസ്. ഓഫീസര്‍മാര്‍ രണ്ടു തവണ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. യോഗം ചേരുന്നത് ഒഴിവാക്കാനാവില്ലെന്ന സാഹചര്യം വന്നതിനിടയ്ക്കാണ് സെക്രട്ടറി രാജിവെച്ചൊഴിഞ്ഞത്. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ആക്ഷേപിച്ചിട്ടും പ്രതികരിക്കാതിരുന്ന അസോസിയേഷന്‍ നേതൃത്വത്തിനെതിരേയായിരുന്നു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍മാര്‍ കലാപക്കൊടി ഉയര്‍ത്തിയത്.
 
കേരളത്തിലെ ഐ.പി.എസുകാരില്‍ ക്രിമിനലുകളുണ്ടെന്ന സെന്‍കുമാറിന്റെ പരാമര്‍ശം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായിരുന്നു സെന്‍കുമാര്‍ ഈ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി അസോസിയേഷന്‍ യോഗം വിളിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്.

കേരളത്തിലെ ഐ.പി.എസ്. അസോസിയേഷന് സൊസൈറ്റി നിയമപ്രകാരം ഇതുവരെ രജിസ്‌ട്രേഷനില്ല. അസോസിയേഷന്റെ നിയമാവലി തയ്യാറാക്കുന്നതിന് എ.ഡി.ജി.പി.മാരായ ടോമിന്‍ ജെ. തച്ചങ്കരി, എസ്. ആനന്ദകൃഷ്ണന്‍, എസ്.ടി. അക്ബര്‍ എന്നിവരടങ്ങിയ സമിതിക്ക് രൂപം നല്‍കിയിരുന്നു. സമിതി നിയമാവലി തയ്യാറാക്കിയിട്ട് മാസങ്ങളായെങ്കിലും ഇത് ചര്‍ച്ച ചെയ്യാന്‍ പോലും അസോസിയേഷന്‍ നേതൃത്വം മിനക്കെട്ടില്ലെന്ന് പരാതിയുണ്ട്.