തിരുവനന്തപുരം: അലങ്കാര മത്സ്യവിപണനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍ സിങ്. വിജ്ഞാപനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍വരുത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ രാധാമോഹന്‍ സിങ് അറിയിച്ചു.

അലങ്കാര മത്സ്യകൃഷി മേഖലയെ ഇല്ലാതാക്കുന്ന വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് മേഴ്‌സിക്കുട്ടിയമ്മ നിവേദനം നല്കിയിരുന്നു.

വര്‍ണമത്സ്യങ്ങളുടെ വിപണനവും പ്രദര്‍ശനവും നിയന്ത്രിക്കുന്നതിലൂടെ ലക്ഷക്കണക്കിനു പേര്‍ തൊഴില്‍ രഹിതരാകും. കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രോജക്ട്-കാവില്‍ (കേരള അക്വാ കള്‍ച്ചര്‍ വെഞ്ച്വര്‍സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ്) വഴി ഒട്ടേറെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.