തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരി രഹസ്യവിഭാഗത്തില്‍ നിന്നും പല നിര്‍ണായക ഫയലുകളും കടത്തി എന്നാരോപിച്ച് മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ രംഗത്ത്.

തച്ചങ്കരി കടത്തിയത് തച്ചങ്കരിയെക്കുറിച്ചുള്ള അഴിമതി അന്വേഷണങ്ങളുടെ ഫയലുകളാണ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം തച്ചങ്കരിക്കെതിരേ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

പോലീസ് ആസ്ഥാനത്ത് ഒരു കള്ളനെയാണ് ഇരുത്തിയിരിക്കുന്നതെന്നും തച്ചങ്കരിക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

മാതൃഭൂമി ന്യൂസിന്റെ 'ചോദ്യം ഉത്തരം' പരിപാടിയില്‍ ഉണ്ണിബാലകൃഷ്ണന് മറുപടി പറയുകയായിരുന്നു സെന്‍കുമാര്‍.

തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന്‍ അന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മൂന്ന് ഫയലുകളില്‍ കൃത്രിമം കാട്ടിയെന്ന് സെന്‍കുമാര്‍ വെളിപ്പെടുത്തി. വൈരാഗ്യബുദ്ധിയോടെയാണ് നളിനി നെറ്റോ പെരുമാറിയത്. നളിനി നെറ്റോയ്‌ക്കെതിരെ നിയമ നടപടിക്കുള്ള സാദ്ധ്യത സെന്‍കുമാര്‍ തള്ളിക്കളഞ്ഞില്ല. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ്ബ് തോമസ് തനി ഹിപ്പോക്രാറ്റാണെന്ന് സെന്‍കുമാര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ നിന്ന് മരംവെട്ടി കോടികള്‍ ഉണ്ടാക്കിയിട്ട് കേരളത്തില്‍വന്ന് പ്രകൃതിസ്‌നേഹം പറയുന്നയാളാണ് ജേക്കബ്ബ് തോമസ്. അവസരം കിട്ടിയാല്‍ പകപോക്കുന്നയാളാണ് ജേക്കബ്ബ് തോമസെന്നും സെന്‍കുമാര്‍ പറഞ്ഞു.

നടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരു നടനെയും സംവിധായകനെയും എ.ഡി.ജി.പി. ബി.സന്ധ്യ ചോദ്യം ചെയ്ത രീതിയേയും സെന്‍കുമാര്‍ വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിന്റെ സാന്നിദ്ധ്യമില്ലാതെ നടത്തിയ ചോദ്യം ചെയ്യല്‍ ശരിയായ നടപടിയല്ല. ഗിന്നസ് റെക്കോഡ് സ്ഥാപിക്കാന്‍ വേണ്ടിയും മാധ്യമശ്രദ്ധ നേടാന്‍ വേണ്ടിയുമാകരുത് ചോദ്യം ചെയ്യലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യക്ഷമായി തന്നെ ഉപദ്രവിച്ചിട്ടില്ല. അവസാനനാളുകളില്‍ സര്‍ക്കാരിന് തന്നോട് വിശ്വാസമുണ്ടായി എന്നും സെന്‍കുമാര്‍ പറഞ്ഞു.