തിരുവനന്തപുരം: അഴിമതിക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

ജനങ്ങളുമായി കൂടുതല്‍ നേരിട്ടിടപെടുന്ന റവന്യൂ, മോട്ടോര്‍ വാഹനവകുപ്പ്, ചെക്‌പോസ്റ്റുകള്‍, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ അഴിമതിക്കാരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. പുതുതായി രൂപവത്കരിച്ച വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കര്‍ശനമായി നിരീക്ഷിച്ചാവും പട്ടിക തയ്യാറാക്കുക. കുഴപ്പക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് സര്‍ക്കാരിന് നല്‍കും.

കൈവശഭൂമിയുടെ കരമടച്ചുകിട്ടാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തിനുപിന്നാലെയാണ് നീക്കം. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയോട് വില്ലേജ് അസിസ്റ്റന്റ് ഒരുലക്ഷം രൂപ കൈക്കൂലി ചോദിച്ചതായി ജോയിയുടെ ഭാര്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

വില്ലേജ് ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രത്യേക പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന ഓഫീസുകളെന്ന നിലയില്‍ വില്ലേജ് ഓഫീസുകള്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. പൊതുജനങ്ങളെ വലയ്ക്കുന്നവരുടെയും കൈക്കൂലി ആവശ്യപ്പെടുന്നവരുടെയും പട്ടിക വിജിലന്‍സ് തയ്യാറാക്കും. കൂടാതെ പരാതി കൂടുതലുള്ള ഓഫീസുകളുടെ വിവരം ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കും.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ വിവിധ വകുപ്പുകളിലെ അഴിമതിയുടെ അടിസ്ഥാനത്തില്‍ സൂചിക തയ്യാറാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി. വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഇടനിലക്കാരെ പിടികൂടാനും വിജിലന്‍സ് ജില്ലാമേധാവികള്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മൊത്തം അഴിമതിയുടെ 10.34 ശതമാനം അഴിമതിയും തദ്ദേശവകുപ്പിലാണ് നടക്കുന്നതെന്നാണ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ സര്‍വേയുടെ ഫലം. മൊത്തം അഴിമതിയെ 100 എന്നുകണക്കാക്കി ഓരോ വകുപ്പിലുമുള്ള അഴിമതി എത്ര ശതമാനമെന്നാണ് അഴിമതിവിരുദ്ധ സൂചികയില്‍ തിട്ടപ്പെടുത്തിയത്.

61 വകുപ്പുകളിലാണ് ജനപങ്കാളിത്തത്തോടെ അഴിമതി സംബന്ധിച്ച വിവരശേഖരണം നടന്നത്. അഴിമതിയില്‍നിന്ന് പൂര്‍ണമായി മുക്തമായ ഒരു വകുപ്പുമില്ലെന്നത് ശ്രദ്ധേയം.