തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ എന്‍.സി.പി. പ്രതിനിധി തോമസ് ചാണ്ടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം യു.ഡി.ഫ്., ബി.ജെ.പി. നേതാക്കളൊന്നും ചടങ്ങിനെത്തിയില്ല. വി.എസ്. അച്യുതാനന്ദനും സത്യപ്രതിജ്ഞാ ചടങ്ങിനുണ്ടായിരുന്നില്ല.

ഫോണ്‍വിളി വിവാദത്തെത്തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായി ചുമതലയേറ്റത്. ശശീന്ദ്രന്‍ കൈകാര്യംചെയ്തിരുന്ന ഗതാഗതമടക്കമുള്ള വകുപ്പുകള്‍തന്നെയാണ് തോമസ് ചാണ്ടിക്ക് നല്കിയിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി.യുടെ പിറന്നാള്‍ദിനത്തിലാണ് പുതിയ മന്ത്രിയെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ശനിയാഴ്ച വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നരയോടെതന്നെ തോമസ് ചാണ്ടി വേദിയിലെത്തി. മന്ത്രിസ്ഥാനമൊഴിഞ്ഞ എ.കെ. ശശീന്ദ്രന്‍, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം പേട്ടയിലെ വാടകവീട്ടില്‍ നിന്നാണ് അദ്ദേഹം ചടങ്ങിനെത്തിയത്. ഭാര്യ മേഴ്‌സി ചാണ്ടിയും മക്കളും സഹോദരങ്ങളും കുട്ടനാട്ടില്‍ നിന്നുള്ള പ്രവര്‍ത്തകരും എത്തിയിരുന്നു.

നാല് മണിക്ക് ഗവര്‍ണര്‍ എത്തിയതോടെ സത്യപ്രതിജ്ഞക്കായി നിയുക്ത ചീഫ് സെക്രട്ടറി നളിനി നെറ്റോ അദ്ദേഹത്തെ ക്ഷണിച്ചു. നിറഞ്ഞ കൈടിയോടെയാണ് സദസ് തോമസ് ചാണ്ടിയെ വരവേറ്റത്. ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കുശേഷം ഭാര്യക്കൊപ്പം സ്വന്തംകാറില്‍ ഗവര്‍ണറുടെ ചായസല്കാരത്തിനായി പുറപ്പെട്ടു. തുടര്‍ന്ന് എ.കെ. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന നാലാംനമ്പര്‍ സ്റ്റേറ്റ് കാറില്‍ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു.

കുട്ടനാട് മണ്ഡലത്തെ മൂന്നാംതവണ പ്രതിനിധീകരിക്കുന്ന തോമസ് ചാണ്ടി, പിണറായി മന്ത്രിസഭയില്‍ ആലപ്പുഴ ജില്ലയില്‍നിന്നുള്ള നാലാമത്തെ മന്ത്രിയുമാണ്.