തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യപ്രതിജ്ഞയ്ക്ക് തുടക്കമിട്ടപ്പോഴാണ് തോമസ് ചാണ്ടി കണ്ണട തപ്പിയത്. ചടങ്ങും സന്ദര്‍ഭവും ഒന്നും നോക്കാതെ കമന്റും ഉടന്‍ വന്നു. 'വണ്‍ മിനിറ്റ് പ്ലീസ്...' ഗവര്‍ണര്‍ ഒന്നുനിര്‍ത്തിയപ്പോഴേക്കും ചാണ്ടി പോക്കറ്റില്‍ നിന്നും കണ്ണട തപ്പിയെടുത്തുവെച്ച് വായന തുടര്‍ന്നു.

സത്യപ്രതിജ്ഞാപുസ്തകം ഇരുകൈകൊണ്ടും പിടിച്ചാണ് തുടങ്ങിയതെങ്കിലും ഇടയ്ക്ക് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ മടക്കി ഇടംൈകയില്‍ പിടിച്ചു. വലംകൈ മേശപ്പുറത്തും. ഇരുപ്രതിജ്ഞകളും അങ്ങനെ പൂര്‍ത്തിയാക്കി. സത്യവാചകം ചൊല്ലുന്നതിനിടെ രണ്ടുതവണ തൊണ്ടയിടറി. സത്യപ്രതിജ്ഞയ്ക്കുശേഷം കസേരയില്‍ ഇരുന്നയുടന്‍ വെള്ളം കുടിച്ചു. തൊണ്ട ശരിയല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് ഗവര്‍ണറും ചിരിച്ചു.

ഏഴുമിനിറ്റുമാത്രം നീണ്ട ലളിതമായ ചടങ്ങിനുശേഷം ഗവര്‍ണര്‍ അദ്ദേഹത്തിന് പൂച്ചെണ്ട് നല്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പൂച്ചെണ്ട് നീട്ടിയപ്പോള്‍ 'മുഖ്യമന്ത്രിയുടെ വക' എന്ന കമന്റോടെ അതും സ്വീകരിച്ചു. ചിരിച്ചുകൊണ്ടു മുഖ്യമന്ത്രിതന്നെ അദ്ദേഹത്തെ ക്യാമറകള്‍ക്ക് മുന്നിലേക്ക് നയിച്ചു. അതോടെ വിടര്‍ന്ന ചിരിയുമായി പ്രവര്‍ത്തകര്‍ക്ക് നേരേ അദ്ദേഹം കൈവീശി. കുട്ടനാട്ടുകാരുടെയും കുടുംബക്കാരുടെയും അഭിവാദ്യം വിളിയും ഉയര്‍ന്നു.

ഭാര്യ മേഴ്‌സി ചാണ്ടി, മക്കള്‍ ഡോ. ടോബി ചാണ്ടി, ടെസി ചാണ്ടി, മരുമക്കളായ ഡോ. അന്‍സു, ജോയല്‍ ജേക്കബ്, സഹോദരങ്ങളായ സാറാമ്മ തോമസ്, ലീലാമ്മ തോമസ്, തോമസ് കെ. തോമസ്, ജോണ്‍ തോമസ്, ലാലി തോമസ് എന്നിവരും വേദിയിലെത്തി മന്ത്രിക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്തു. മകള്‍ ബെറ്റി ചാണ്ടിയും മരുമകന്‍ ലെനി മാത്യുവും അമേരിക്കയിലായതിനാല്‍ ചടങ്ങിനെത്തിയിരുന്നില്ല.

സ്ഥാനമൊഴിഞ്ഞ എ.കെ. ശശീന്ദ്രനും പൂച്ചെണ്ടുമായി മന്ത്രിയെ ആശംസിക്കാന്‍ വേദിയിലെത്തി. സ്​പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, തോമസ് ഐസക്, പി. തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി. തോമസ്, കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവരും പുതിയ മന്ത്രിക്ക് അനുമോദനമറിയിക്കാനെത്തി.