തിരുവനന്തപുരം: കണ്ണൂര്‍ കാനായിയിലെ ചെങ്കല്ത്തരിശുകളില് പുതിയ സസ്യത്തെ കണ്ടെത്തി. 'ലിത്രേസിയേ' സസ്യകുടുംബത്തില്‍പ്പെടുന്ന സസ്യത്തെ 'റൊട്ടാല കാനായെന്സിസ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
കാലാവസ്ഥാവ്യതിയാനത്തിലൂടെയും മനുഷ്യഇടപെടലുകളിലൂടെയും വേഗത്തില്‍ അപ്രത്യക്ഷമാകാവുന്ന അപൂര്വപാരിസ്ഥിതിക മേഖലയിലാണ് ഈ സസ്യം കാണപ്പെടുന്നത്. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡനിലെ ഗവേഷകരായ ഡോ. എം.രാജേന്ദ്രപ്രസാദ്, ഡോ. ടി.ഷാജു, എം.പി.റിജൂരാജ്, ഡോ. എ.ജി.പാണ്ടുരംഗന് എന്നിവരാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ സസ്യത്തിന്റെ കണ്ടെത്തല്‍ വിശദീകരിക്കുന്നുണ്ട്.