തിരുവനന്തപുരം: ഫിലിം ക്രിട്ടിക്‌സിന്റെ മികച്ച നടനുള്ള പുരസ്‌കാരത്തിന് മോഹന്‍ലാല്‍ അര്‍ഹനായി. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച 'ഒപ്പം' ആണ് മികച്ച ചിത്രം. ഈ ചിത്രം ഒരുക്കിയ പ്രിയദര്‍ശനാണ് മികച്ച സംവിധായകന്‍.

'പുതിയനിയമ'ത്തിലെ അഭിനയത്തിന് നയന്‍താര മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 'പുലിമുരുകനാ'ണ് ജനപ്രിയചിത്രം. 'ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യ'ത്തിലെ അഭിനയത്തിന് രഞ്ജി പണിക്കരും 'സുഖമായിരിക്കട്ടെ'യിലെ അഭിനയത്തിന് സിദ്ദിഖും മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡുകള്‍ പങ്കിട്ടു. മികച്ച രണ്ടാമത്തെ നടിയായി സുരഭിലക്ഷ്മിയെ തിരഞ്ഞെടുത്തു (ചിത്രം: മിന്നാമിനുങ്ങ്). വിനീത് ശ്രീനിവാസന്‍ സംവിധാനംചെയ്ത ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യമാണ് മികച്ച രണ്ടാമത്തെ ചിത്രം.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ശ്രീകുമാരന്‍തമ്പിക്ക് ചലച്ചിത്രരത്‌നം പുരസ്‌കാരം സമ്മാനിക്കും. സംവിധായകന്‍ ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരങ്ങള്‍ നല്‍കും. അടൂര്‍ ഗോപാലകൃഷ്ണനാണ് അസോസിയേഷന്റെ റൂബി ജൂബിലി പുരസ്‌കാരം.

മറ്റ് അവാര്‍ഡുകള്‍: ബാലതാരങ്ങള്‍: എസ്തര്‍ അനില്‍ !(ജെമിനി), അക്ഷര (ആടുപുലിയാട്ടം, ദേവയാനം), തിരക്കഥാകൃത്ത്: വിനീത് ശ്രീനിവാസന്‍ !(ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം), ഗാനരചയിതാവ്: വയലാര്‍ ശരത്ചന്ദ്രവര്‍മ (കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ), സംഗീതസംവിധായകന്‍: എം.ജയചന്ദ്രന്‍ !(കാംബോജി), ഗായകന്‍: മധു ബാലകൃഷ്ണന്‍ !(കുപ്പിവള, ഒറ്റക്കോലം), ഗായിക: വര്‍ഷാ വിനു (മറുപടി, ഡഫേദാര്‍), ഛായാഗ്രാഹകന്‍: സുജിത് വാസുദേവ് (ജെയിംസ് ആന്‍ഡ് ആലീസ്), ചിത്രസന്നിവേശം: അഭിലാഷ് ബാലചന്ദ്രന്‍ !(വേട്ട), ശബ്ദലേഖകന്‍: ഡാന്‍ ജോസ് (ആടുപുലിയാട്ടം), കലാസംവിധായകന്‍: എം.ബാവ (ആക്ഷന്‍ ഹീറോ ബിജു), മേക്കപ്പ്മാന്‍: സജി കൊരട്ടി (ഒപ്പം), വസ്ത്രാലങ്കാരം: ഇന്ദ്രന്‍സ് ജയന്‍ !(കാംബോജി), നവാഗത പ്രതിഭ: രാജിനി ചാണ്ടി (ഒരു മുത്തശ്ശി ഗദ), നവാഗതസംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍), അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍: നിവിന്‍പോളി (ആക്ഷന്‍ ഹീറോ ബിജു), ലക്ഷ്മി ഗോപാലസ്വാമി (കാംബോജി), ടിനി ടോം (ഡഫേദാര്‍), സമുദ്രക്കനി (ഒപ്പം, ടു ഡേയ്‌സ്), സാങ്കേതികസവിശേഷതയ്ക്കുള്ള ജൂറി പുരസ്‌കാരം: ടു ഡേയ്‌സ് (നിസാര്‍), സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള ജൂറി പുരസ്‌കാരം: ആറടി (സജി പാലമേല്‍), സംസ്‌കൃതചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരം: സൂര്യകാന്ത (എം.സുരേന്ദ്രന്‍).