തിരുവനന്തപുരം: ജല അതോറിറ്റിയുടെ ഭൂമി കൈയേറി കവാടംസ്ഥാപിച്ച സംഭവത്തില്‍ ലോ അക്കാദമിക്കെതിരെ കേസെടുക്കാന്‍ റവന്യൂവകുപ്പ് ആലോചിക്കുന്നു. കവാടമുള്‍പ്പെടെയുള്ള കൈയേറ്റം കഴിഞ്ഞദിവസം വകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നനിലയിലാണ് കേസെടുക്കുന്നത്.
 
2009-ല്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഭൂസംരക്ഷണനിയമം ഭേദഗതിചെയ്തിരുന്നു. ഇതുപ്രകാരം അഞ്ച് സെന്റില്‍ കൂടുതല്‍ പുറമ്പോക്ക് കൈയേറിയാല്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50,000 മുതല്‍ രണ്ടുലക്ഷം രൂപവരെ പിഴയുമീടാക്കാം.
 
തഹസില്‍ദാര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെങ്കിലും മുകളില്‍നിന്നുള്ള നിര്‍ദേശംകൂടി വേണ്ടിവന്നേക്കും. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ടകാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐ. നിര്‍ദേശം.

അക്കാദമിസ്ഥലത്തെ ബാങ്കും ഹോട്ടലും ഒഴിപ്പിക്കുന്നതിന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കും. ഇതിനുള്ള നടപടിക്രമം പൂര്‍ത്തിയായിവരുന്നു.

അക്കാദമി സൊസൈറ്റിയില്‍നിന്ന് മന്ത്രിമാരെയും സര്‍ക്കാര്‍ സെക്രട്ടറിമാരെയും ഒഴിവാക്കി നിയമാവലി പരിഷ്‌കരിച്ചത് വിനയാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഭൂമി നേടാനായി മന്ത്രിമാരെയും മറ്റും ഉള്‍പ്പെടുത്തിയശേഷം അവരെ ഒഴിവാക്കി സൊസൈറ്റി കുടുംബട്രസ്റ്റിന്റെ സ്വഭാവത്തിലേക്ക് മാറ്റുകയായിരുന്നു.
 
എന്നാല്‍ മന്ത്രിമാരെയും മറ്റും ഉള്‍പ്പെടുത്തിയത് സര്‍ക്കാര്‍ ആവശ്യപ്രകാരമോ, ഏതെങ്കിലും കരാറിന്റെഭാഗമോ അല്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം.നിയമാവലി പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഐ.ജി. ഇനിയും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എമ്മിന് രാഷ്ട്രീയതീരുമാനവും എടുക്കേണ്ടിവരും. ഇതനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍.

സൊസൈറ്റി നിയമാവലി പരിഷ്‌കരിച്ചതിന്റെയും മറ്റും രേഖകള്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ലഭ്യമല്ല. 1966-ല്‍ സൊസൈറ്റി രൂപവത്കരിക്കുന്ന സമയത്തെ നിയമാവലിയുണ്ട്. പിന്നീട് 2014-ല്‍ മാനേജ്‌മെന്റ് നല്‍കിയ മറ്റൊരുനിയമാവലിയുമുണ്ട്.

എന്നാല്‍, നിയമാവലി പരിഷ്‌കരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഭരണസമിതി യോഗം നടത്തിയതായും അറിവില്ല. രേഖകളും രജിസ്‌ട്രേഷന്‍ വകുപ്പിലില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും രജിസ്‌ട്രേഷന്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കുക.