തിരുവനന്തപുരം: പി.എസ്. നടരാജപിള്ളയെ ഏതു പിള്ള എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് നടരാജപിള്ളയുടെ മകന്‍ വെങ്കിടേഷ്. മന്ത്രിയായും എം.പി.യായും എം.എല്‍.എ.യായും കേരള രാഷ്ട്രീയത്തില്‍ സജീവമായിരുന്ന രാഷ്ട്രീയനേതാവായിരുന്നു. അത്തരമൊരു നേതാവിനെ അറിയില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്നറിയില്ല.

ആദ്യ ജനകീയ മന്ത്രിസഭയില്‍ അംഗമായിരുന്നു, നടരാജപിള്ള. എ.കെ.ജി.യുമായും ഇ.എം.എസുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു തന്റെ അച്ഛന്‍. നടരാജപിള്ളയുടെ അച്ഛന്‍ സുന്ദരന്‍പിള്ളയുടെ ഭൂമിയാണ് ഹാര്‍വീപുരം കുന്നില്‍ സ്ഥിതിചെയ്യുന്ന ലോ അക്കാദമി ഉള്‍പ്പെടുന്ന സ്ഥലം. പിന്നീട് ഈ സ്ഥലം സുന്ദരന്‍പിള്ളയുടെ മകനായ പി.എസ്. നടരാജപിള്ളയ്ക്ക് ലഭിച്ചു. ബാങ്കില്‍ വായ്പാകുടിശ്ശിക വരുത്തി എന്നതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു.

ഇതിനുശേഷം നടരാജപിള്ള സംസ്ഥാനത്തെ ധനകാര്യമന്ത്രിയായി. അപ്പോള്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത സ്ഥലം തിരികെനല്‍കാന്‍ ധാരണയായെങ്കിലും ഇത് ഏറ്റെടുക്കാന്‍ നടരാജപിള്ള തയ്യാറായില്ല. ഹാര്‍വീപുരം കുന്നിലെ 90 ഏക്കര്‍ ഭൂമി നഷ്ടമായശേഷം ഇതിനു സമീപമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. 1966-ല്‍ നടരാജപിള്ള മരിച്ചു.

മരണശേഷം ഈ സ്ഥലത്തിന്റെ ഒരു ഭാഗം എന്‍. നാരായണന്‍ നായര്‍ക്ക് ലോ കോളേജ് ആരംഭിക്കാന്‍ നല്‍കി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യവ്യക്തിക്ക് നല്‍കിയതിനെ ചോദ്യംചെയ്ത് തന്റെ അമ്മ സര്‍ക്കാരിന് പരാതിനല്‍കി. ഈ പരാതി നിയമവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു.

ഇക്കാര്യം ഇ.എം.എസിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കുവന്നപ്പോള്‍ ഇ.എം.എസ്. ചികിത്സയ്ക്കായി വിദേശത്തേക്കുപോയി.

ഹാര്‍വീപുരം കുന്നുമായി ബന്ധപ്പെട്ട ഫയല്‍ വന്നപ്പോള്‍ എം.എന്‍. ഗോവിന്ദന്‍ നായരായിരുന്നു മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷതവഹിച്ചത്. അതിനാല്‍ ഫയലിന്റെ തീര്‍പ്പ് നാരായണന്‍ നായര്‍ക്ക് അനുകൂലമായെന്ന് വെങ്കിടേഷ് പറഞ്ഞു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് നടരാജപിള്ളയുടെ മക്കള്‍ ഹാര്‍വീപുരം കുന്നിലെ വീട് പ്രൊഫ. സുന്ദരന്‍പിള്ളയുടെയും നടരാജപിള്ളയുടെയും സ്മാരകമായി നിലനിര്‍ത്താന്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് നവംബറില്‍ അപേക്ഷനല്‍കി. എന്നാല്‍, ഇതിന് ഇതുവരെ മറുപടികിട്ടിയില്ല.

ആലപ്പുഴയില്‍ ജനിച്ച് തലസ്ഥാനത്ത് മരിച്ച സുന്ദരന്‍പിള്ളയെ കേരളം അംഗീകരിച്ചില്ലെങ്കിലും തമിഴ്‌നാട് അദ്ദേഹത്തെ ആദരിച്ചു. സുന്ദരന്‍പിള്ളയുടെ പേരില്‍ അവിടെ മനോന്മണീയം സുന്ദരന്‍പിള്ള എന്ന പേരില്‍ സര്‍വകലാശാലവരെ ഉയര്‍ന്നു. തമിഴ് തായ് പാട്ട് എന്നപേരില്‍ തമിഴ് ദേശീയഗാനം അദ്ദേഹം രചിച്ചു.

കേരളം മറന്ന അദ്ദേഹത്തെ ഞങ്ങള്‍ മക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് സുന്ദരന്‍പിള്ളയുടെ ജന്മദിനവും ചരമദിനവും ആചരിക്കാറുണ്ട്. ഇത്രയും പാരമ്പര്യമുള്ള അച്ഛന്റെ പ്രശസ്തനായ മകന്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാത്തതിനാലായിരിക്കും ഏതു പിള്ളയാണെന്ന് ചോദിച്ചതെന്ന് വെങ്കിടേഷ് പറഞ്ഞു.