തിരുവനന്തപുരം: പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങിയ ലോ അക്കാദമി വര്‍ഷങ്ങളിലൂടെ എന്‍. നാരായണന്‍ നായരുടെയും കുടുംബത്തിന്റെയും കൈപ്പിടിയില്‍ ഒതുങ്ങിയത് ക്രമംവിട്ട നടപടികളിലൂടെയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അക്കാദമിക്ക് മൂന്നു തട്ടിലുള്ള ഭരണസമിതികളാണ് ഉള്ളതെങ്കിലും പരമാധികാരസമിതിയായ ജനറല്‍ ബോഡി സമീപകാലത്തെങ്ങും കൂടിയതായി ആര്‍ക്കും അറിവില്ല. സ്ഥാപകാംഗങ്ങളും 1000 രൂപ അടച്ച് സൊസൈറ്റിയില്‍ അംഗത്വമെടുത്ത ഡൊണേറ്റഡ് അംഗങ്ങളും 250 രൂപ അടച്ച് അംഗത്വമെടുത്ത ലൈഫ് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ജനറല്‍ ബോഡി.

ഈ സമിതിയില്‍നിന്നാണ് രണ്ടാംതട്ടായ ഗവേണിങ് കൗണ്‍സിലിനെ തിരഞ്ഞെടുക്കുന്നത്. 51 അംഗങ്ങളാണ് ഈ സമിതിയില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ നിലവില്‍ 21 പേരെയുള്ളൂ. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് രക്ഷാധികാരികള്‍. കേരള സര്‍വകലാശാലാ വി.സി, വിദ്യാഭ്യാസം, നിയമം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ ചെയര്‍മാന്മാരാണ്. നിയമ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍, സര്‍വകലാശാലാ നിയമവിഭാഗം ഡീന്‍, ഗവേഷണവിഭാഗം തലവന്‍, നിയമവകുപ്പ് മേധാവി എന്നിവര്‍ വൈസ് ചെയര്‍മാന്മാരാണ്. സ്ഥാപകാംഗങ്ങള്‍, ലോ അക്കാദമിയിലെ വിവിധ വകുപ്പുമേധാവികള്‍, ഡോണേറ്റഡ് അംഗങ്ങളില്‍നിന്ന് 15-ല്‍ കുറയാത്ത ആളുകള്‍, ലൈഫ് അംഗങ്ങളില്‍നിന്ന് പത്തില്‍ കുറയാത്ത അംഗങ്ങള്‍ എന്നിങ്ങനെയാണ് സമിതിയുടെ ഘടന.

ഗവേണിങ് കൗണ്‍സിലാണ് സൊസൈറ്റി പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. പ്രസിഡന്റ് സെക്രട്ടറിയെയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യുകയാണ്. ദൈനംദിന ഭരണച്ചുമതലയുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ 15 അംഗങ്ങളാണുള്ളത്. ഇതില്‍ ഏഴുപേര്‍ അക്കാദമി സ്ഥാപകാംഗങ്ങളാണ്. എന്നാല്‍ ഈ ഏഴുപേരില്‍ നാരായണന്‍ നായര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. ഗവേണിങ് കൗണ്‍സിലിലും എക്‌സിക്യുട്ടീവ് സമിതിയിലും നാരായണന്‍ നായരുടെ കുടുംബാംഗങ്ങള്‍ക്കാണ് മേല്‍ക്കൈ.

സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, മകന്‍ നാഗരാജന്‍, മകള്‍ ലക്ഷ്മി നായര്‍, മകളുടെ ഭര്‍ത്താവ് അജയ്കൃഷ്ണന്‍, സഹോദരിയുടെ മകന്‍ എന്‍.കെ. ജയകുമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് ഭരണസമിതിയംഗങ്ങള്‍. 102 വയസ്സുള്ള മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ അയ്യപ്പന്‍പിള്ളയാണ് പ്രസിഡന്റ്.
വര്‍ഷങ്ങളായി അംഗങ്ങളായ മന്ത്രിമാരെയോ, സര്‍ക്കാര്‍ സെക്രട്ടറിമാരെയോ പങ്കെടുപ്പിച്ച് അക്കാദമി ഭരണസമിതി ചേര്‍ന്നിട്ടില്ല. ഭരണസമിതിയില്‍ നാരായണന്‍ നായരുടെയും കുടുംബത്തിന്റെയും സര്‍വാധിപത്യമായി. വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥാപിക്കപ്പെട്ട അക്കാദമി പിന്നീട് സെക്രട്ടേറിയറ്റിന് സമീപം ഗവേഷണാവശ്യങ്ങള്‍ക്കായി സ്ഥലം വാങ്ങി. ഈ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ച് ഇപ്പോള്‍ വില്പന നടക്കുകയാണ്.

സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുമ്പോഴും പിന്നീട് പതിച്ചുനല്‍കുമ്പോഴും ഉണ്ടായിരുന്ന വ്യവസ്ഥപ്രകാരം ഭരണസമിതി പുനഃസംഘടിപ്പിച്ചാല്‍തന്നെ സ്ഥാപനം സര്‍ക്കാര്‍ നിയന്ത്രണത്തിലാകും. സര്‍ക്കാര്‍ സ്ഥലവും കോളേജും ഏറ്റെടുക്കുകയോ, സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഭരണസമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയകോളേജാക്കി മാറ്റുകയോ ചെയ്യണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇതിന് സര്‍ക്കാര്‍ മുതിരുമോയെന്നാണ് കണ്ടറിയേണ്ടത്.