തിരുവനന്തപുരം: കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി.റോഡിലെ ഏനാത്ത് പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി തൂണുകള്‍ പുനര്‍നിര്‍മിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. കെ.എസ്.ടി.പി.യുടെ കഴക്കൂട്ടം-അടൂര്‍ മാതൃകാ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി നിര്‍മിക്കാനാണ് തീരുമാനം. 4.75 കോടി രൂപയില്‍കൂടാത്ത തുക വിനിയോഗിക്കും. അജന്‍ഡയ്ക്ക് പുറത്തുള്ള ഇനമായാണ് മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം പരിഗണിച്ചത്.
167 കോടി അടങ്കല്‍ നിശ്ചയിച്ച സുരക്ഷാ ഇടനാഴി പദ്ധതി 146 കോടിരൂപയ്ക്കാണ് കരാര്‍ നല്കിയിട്ടുള്ളത്. ഇതില്‍ മിച്ചംവരുന്ന 21 കോടിരൂപയില്‍ ഉള്‍പ്പെടുത്തിയാകും പാലത്തിന് പണമനുവദിക്കുക. കാലതാമസവും അനാവശ്യചെലവും ഒഴിവാക്കുന്നതിന് കരാറിന്റെ ഭാഗമായിത്തന്നെ പാലത്തിന്റെ പണിയും നിര്‍വഹിക്കാനാണ് തീരുമാനമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
മറ്റുതടസ്സങ്ങളുണ്ടായില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ച് പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഐ.ഐ.ടി.യില്‍നിന്ന് വിരമിച്ച ഡോ. പി.കെ. അരവിന്ദന്‍ നിര്‍മാണവേളയിലും ആവശ്യമായ സഹായംനല്കും.
പാലം പുനരുദ്ധാരണപ്രവൃത്തികളുടെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ട റോഡുകളുടെ സ്ഥിതി വിലയിരുത്താനും ഗതാഗതനിയന്ത്രണം സംബന്ധിച്ചും ചര്‍ച്ചചെയ്യാന്‍ ഈമാസം 30-ന് തിരുവനന്തപുരത്ത് യോഗം ചേരും. കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.എല്‍.എ.മാരായ അയിഷാപോറ്റി, കെ.ബി. ഗണേഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ പങ്കെടുക്കും. ഗതാഗതം തിരിച്ചുവിട്ടിട്ടുള്ള റോഡുകളില്‍ അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ പൊതുമരാമത്ത് ഫണ്ടുപയോഗിച്ച് ചെയ്യും.
പാലം പുനര്‍നിര്‍മിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് താത്കാലികസൗകര്യമൊരുക്കുന്നതിനെക്കുറിച്ചും ആലോചിക്കും. മണല്‍വാരലാണ് ഏനാത്ത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെങ്കിലും നിര്‍മാണത്തില്‍ അപാകമുണ്ടായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വകുപ്പ് വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.