തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈടെക് ആക്കാന്‍ 'പൂമരം' മൊബൈല്‍ ആപ്പും മറ്റു സംവിധാനങ്ങളുമായി ഐ.ടി. അറ്റ് സ്‌കൂള്‍ പ്രോജക്ട്. കലോത്സവ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സമൂഹികമാധ്യമങ്ങള്‍ വഴി വിവരം പങ്കുവയ്ക്കലും ഉള്‍െപ്പടെ നിരവധി സംവിധാനങ്ങളാണ് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായി ഐ.ടി. അറ്റ് സ്‌കൂള്‍ ഒരുക്കിയിട്ടുള്ളത്.

രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് അച്ചടിയും ഉള്‍പ്പെടെ മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, സ്റ്റേജുകളിലെ വിവിധയിനങ്ങള്‍, ഓരോ സ്റ്റേജിലെയും ഓരോ ഇനവും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നതും പോര്‍ട്ടല്‍ വഴിയായിരിക്കും. വെബ് പോര്‍ട്ടല്‍ വഴി മത്സരഫലങ്ങള്‍ തത്സമയം അറിയാം. www.live.schoolkalolsavam.in എന്ന പോര്‍ട്ടല്‍ വഴി പ്രധാനപ്പെട്ട വേദികളിലെ മത്സരങ്ങള്‍ തത്സമയം കാണാനുമാകും.

പോര്‍ട്ടലിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാണ് 'പൂമരം' ഒരുക്കിയിട്ടുള്ളത്. മത്സരഫലങ്ങള്‍ക്കു പുറമെ ഓരോ വേദിയിലും നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങള്‍, അവശേഷിക്കുന്ന മത്സരങ്ങള്‍, പ്രതീക്ഷിക്കുന്ന സമയം തുടങ്ങിയവയും ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
മത്സരങ്ങളുടെ തത്സമയ വീഡിയോ സ്ട്രീമിങ് ആണ് പൂമരത്തിന്റെ പ്രധാന പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് it@school poomaram എന്ന് സെര്‍ച്ച് ചെയ്ത് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. കലോത്സവം തത്സമയം സംപ്രേഷണം ചെയ്യുന്നതിനു പുറമെ വിക്ടേഴ്‌സ് ചാനലും തത്സമയം പൂമരം വഴി കാണാം.
 
കലോത്സവത്തിലെ വിവിധ രചനാമത്സരങ്ങള്‍ ഫലപ്രഖ്യാപനത്തിനുശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സമൂഹികമാധ്യമങ്ങള്‍ വഴിയും കലോത്സവവിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
 
പരാതികള്‍ സമര്‍പ്പിക്കാനും പരിഹരിക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയതായി ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.