തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് വീടുകളില്‍ എത്തിച്ചുതുടങ്ങി. പെന്‍ഷന്‍ വീട്ടില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കിത്തുടങ്ങിയത്.

ബാക്കി 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയതായും ധനവകുപ്പ് അറിയിച്ചു. നോട്ടുനിയന്ത്രണം തടസ്സമാകാതിരിക്കാന്‍ പെന്‍ഷന്‍ വിതരണത്തിന് പ്രത്യേക ക്രമീകരണമുണ്ടാക്കിയതായും ധനവകുപ്പ് അറിയിച്ചു.

33.58 ലക്ഷം പേര്‍ക്ക് 1055 കോടി രൂപയാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനാണിത്. ഡിസംബര്‍ 31നകം വിതരണം പൂര്‍ത്തിയാക്കും.
സാമൂഹികസുരക്ഷാ പെന്‍ഷനുകളുടെയും ക്ഷേമനിധി പെന്‍ഷനുകളുടെയും വിതരണത്തിലെ പ്രശ്‌നങ്ങള്‍ നീക്കാനും സമഗ്രമായ വിവരശേഖരണം നടത്താനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ പ്രവര്‍ത്തനം ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസം പെന്‍ഷന്‍ വിതരണംചെയ്യാന്‍ കഴിയാതിരുന്നത് ഈ പ്രശ്‌നം കാരണമായിരുന്നു.

പെന്‍ഷന്‍കാരെ സംബന്ധിച്ച വിവരങ്ങളെല്ലാം 'സേവന' എന്ന പൊതു സോഫ്‌റ്റ്വെയറില്‍ സമാഹരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ 60 വയസ്സു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ധനസ്ഥിതി മെച്ചപ്പെട്ടാല്‍ വിവിധ തൊഴില്‍മേഖലകളില്‍ വിരമിക്കല്‍ പെന്‍ഷനുകള്‍ നല്‍കാനും ആലോചനയുണ്ട്.

നോട്ടുനിയന്ത്രണം തടസ്സമാകാതിരിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ ഇതിനുള്ള 'പൂള്‍ അക്കൗണ്ട്' എന്ന നിലയില്‍ ട്രഷറിയില്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ അക്കൗണ്ട് തുറന്നു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജില്ലാ ട്രഷറികളിലും വിവിധ പ്രാഥമികസംഘങ്ങള്‍ അവര്‍ക്ക് അടുത്തുള്ള ട്രഷറികളിലും ഇതിനായി അക്കൗണ്ട് തുടങ്ങി. ഇവ വഴിയാണ് പണം കൈമാറിയത്. പ്രാഥമികസംഘങ്ങളില്‍ നോട്ടിനു ബുദ്ധിമുട്ടില്ലാതെ വിതരണംചെയ്യാന്‍ കഴിഞ്ഞു.